സ്ക്രീൻ ഇല്ലാത്ത ഫിറ്റ്ബിറ്റ് എയർ (Fitbit Air) ഗൂഗിളിന് വലിയ വിജയമായിരുന്നു. മികച്ച വിലയും ഗൂഗിൾ ഹെൽത്ത് ഇന്റഗ്രേഷനും കൃത്യമായ ആരോഗ്യ നിരീക്ഷണവുമെല്ലാമാണ് ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിച്ചത്.
ഇതിന്റെ തുടർച്ചയെന്നോണം, ഫിറ്റ്ബിറ്റ് എയറിനും പിക്സൽ വാച്ചിനും ഇടയിലുള്ള വിഭാഗത്തിലേക്ക് പുതിയൊരു ധരിക്കാവുന്ന ഉപകരണം കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഫിറ്റ്ബിറ്റ് എഡ്ജ് (Fitbit Edge) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡിവൈസിൽ എയർ പോലെയല്ലാതെ ഒരു ഡിസ്പ്ലേ ഉണ്ടായിരിക്കും.
എന്നാൽ ഇത് വെയർ ഒഎസിൽ (Wear OS) ആയിരിക്കില്ല പ്രവർത്തിക്കുന്നത്. കൃത്യമായ സാങ്കേതിക വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, ആൻഡ്രോയിഡ് ഹെഡ്ലൈൻസ് (Android Headlines) പുറത്തുവിട്ട
റെൻഡറുകൾ പ്രകാരം ഫിറ്റ്ബിറ്റ് എഡ്ജിന്റെ രൂപകൽപ്പന വ്യക്തമാണ്. തീയതിയും സമയവും മറ്റ് മൂന്ന് പ്രധാന വിവരങ്ങളും കാണിക്കാൻതക്ക വലിപ്പമുള്ള സ്ക്രീൻ ഇതിലുണ്ടാകും.
കൂടാതെ ബ്ലൂടൂത്ത് നോട്ടിഫിക്കേഷൻ മിററിങ് സൗകര്യവും ഗൂഗിൾ മാപ്സ്, യൂട്യൂബ് മ്യൂസിക്, ഫൈൻഡ് മൈ ഫോൺ തുടങ്ങിയ തിരഞ്ഞെടുത്ത ആപ്പുകളും ഇതിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിവൈസിന്റെ ഇരുവശങ്ങളിലുമായി ദീർഘചതുരാകൃതിയിലുള്ള ഫിസിക്കൽ ബട്ടണുകൾ നൽകിയിട്ടുണ്ട്.
ഇതിലൊന്ന് ആപ്പ് ഡ്രോവർ തുറക്കാനും മറ്റേത് ചില ക്രമീകരണങ്ങളിലേക്ക് വേഗത്തിൽ പ്രവേശിക്കാനും സഹായിക്കും. കറുപ്പ്, പച്ച, ഓറഞ്ച് തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് ലഭ്യമാക്കാനാണ് ഗൂഗിളിന്റെ പദ്ധതി.
ഭാവിയിൽ കൂടുതൽ കളർ ഓപ്ഷനുകൾ എത്തിയേക്കാം. വിവിധ ഫിനിഷുകളിലും നിറങ്ങളിലുമുള്ള സ്ട്രാപ്പുകളും ഗൂഗിൾ ഇതിനായി പുറത്തിറക്കുമെന്നാണ് കരുതുന്നത്.
ഫിറ്റ്ബിറ്റ് എഡ്ജ് (Fitbit Edge) വാഗ്ദാനം ചെയ്യുന്ന ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. എങ്കിലും, പിൻഭാഗത്തെ പുതിയ സെൻസർ അറേ ഫിറ്റ്ബിറ്റ് എയറില ഉള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
അതിനാൽ കുറഞ്ഞ വിലയുള്ള എയറിനേക്കാൾ പിക്സൽ വാച്ചിനോട് സാദൃശ്യമുള്ള ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകൾ എഡ്ജിൽ പ്രതീക്ഷിക്കാവുന്നതാണ്. ഗൂഗിളിന്റെ വെയറബിൾ നിരയിൽ ഫിറ്റ്ബിറ്റ് ചാർജിന് പകരമായിരിക്കും പുതിയ ഫിറ്റ്ബിറ്റ് എഡ്ജ് എത്തുക.
2023-ൽ പുറത്തിറങ്ങിയ ഫിറ്റ്ബിറ്റ് ചാർജിന് പുതിയൊരു അപ്ഗ്രേഡ് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഒറ്റച്ചാർജിൽ 7 ദിവസം വരെ ബാറ്ററി ബാക്ക്അപ്പ് നൽകാൻ കഴിയുന്ന ഈ ഡിവൈസ് ആൻഡ്രോയിഡ്, ഐഒഎസ് (iOS) ഡിവൈസുകളുമായി ഒരുപോലെ പ്രവർത്തിക്കും. വില വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എങ്കിലും 99 ഡോളറിന് വിൽക്കുന്ന ഫിറ്റ്ബിറ്റ് എയറിനേക്കാൾ ഉയർന്നതും പിക്സൽ വാച്ചിനേക്കാൾ കുറഞ്ഞതുമായ നിരക്കിൽ 179 ഡോളറിനോ 199 ഡോളറിനോ ഇടയിൽ ഗൂഗിൾ ഇതിന് വില നിശ്ചയിച്ചേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന അവധിക്കാല ഷോപ്പിംഗ് സീസണിന് മുന്നോടിയായി ഈ മാസം തന്നെ ഫിറ്റ്ബിറ്റ് എഡ്ജ് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

