പാലക്കാട്: മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഔദ്യോഗികമായി യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്ന് പുതിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി വി.
ചെന്താമരാക്ഷൻ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന് മുന്നിലും ഇതുവരെ അത്തരം പരാതികൾ എത്തിയിട്ടില്ലെന്നും, സ്വയം മാറി നിൽക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നുമാണ് പാർട്ടിയുടെ വിശദീകരണം.
യുവതിയുടേത് ഉൾപ്പെടെയുള്ള പരാതികൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണെന്നും, പാലക്കാട് ജില്ലയിൽ പാർട്ടിക്കുള്ളിൽ യാതൊരുവിധ വിഭാഗീയതയും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്.
വനിതാ നേതാവിന്റെയടക്കം പരാതികളെ തുടർന്നാണ് ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടെങ്കിലും, ഈ ആരോപണങ്ങൾ സിപിഎം പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാൽ താൻ സ്വയം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നാണ് ഇ.എൻ. സുരേഷ് ബാബു ഇതിനോടകം പ്രതികരിച്ചത്.
എന്നാൽ സുരേഷ് ബാബുവിന്റെ പടിയിറക്കത്തിന് കാരണം പെരുമാറ്റദൂഷ്യമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

