ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു.
ഇന്നലെ രാത്രി 7.30-ന് മൈസൂരിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. “കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു.”
പൊതുദർശനം
ഗായികയുടെ ഭൗതിക ശരീരം അന്തിമോപചാരമർപ്പിക്കുന്നതിനായി ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 4 വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.
ഇതിനായി പ്രത്യേക പവലിയനുകളും വിഐപികൾക്കായി സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൻ ജനാവലി എത്തിയേക്കുമെന്ന നിഗമനത്തിൽ മൈസൂരു പോലീസ് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും നടപ്പിലാക്കും. തുടർന്ന് വൈകുന്നേരം 4.30-ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നത് ഇവരുടെ അന്ത്യാഭിലാഷമായിരുന്നു. സംഗീത ലോകത്തെ വിസ്മയം
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാല്പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അതുല്യ പ്രതിഭയായിരുന്നു എസ്.
ജാനകി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇവർക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ ലഭിച്ചിട്ടുണ്ട്.
നിരവധി സംസ്ഥാന പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ ആ പുരസ്കാരം നിരസിച്ചിരുന്നു.

