നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി കൊല്ലം റൂറൽ പൊലീസ് സേനയിലെ ഇടതുപക്ഷ സംഘടന ഭാരവാഹികൾ രാഷ്ട്രീയ പ്രചാരണത്തിൽ പങ്കാളികളായെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി നടപടികൾ ആരംഭിച്ചതായും, കൂടുതൽ വ്യക്തതയ്ക്കായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപ്പിച്ചതായും കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ സ്ഥിരീകരിച്ചു.
അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരായ നജിം, സുജിത്ത്, ചിന്തു, ശിവേഷ് എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്.
കെ.എൻ. ബാലഗോപാലിന് വേണ്ടി തയ്യാറാക്കിയ പ്രചാരണ വീഡിയോയിൽ, സർക്കാർ നേട്ടങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തി. തങ്ങളുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഔദ്യോഗികമായി തയ്യാറാക്കിയ വീഡിയോ ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു.
ഈ വിഷയത്തിൽ അസോസിയേഷൻ റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷൻ പുറത്തിറക്കിയ യഥാർത്ഥ വീഡിയോയിൽ സ്ഥാനാർത്ഥിയുടെയോ മറ്റ് രാഷ്ട്രീയ നേതാക്കളുടെയോ പേരുകളോ പരാമർശങ്ങളോ ഇല്ലെന്നും ഇവർ അവകാശപ്പെട്ടു.
നിലവിൽ ഈ വിഷയത്തിൽ ഔദ്യോഗികതലത്തിൽ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

