യുഎസിൽ ഡീസൽ വില ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഒരു ഗാലന് (ഏകദേശം 3.7 ലീറ്റർ) വില 6 ഡോളർ കടന്നിരിക്കുകയാണ്.
നിലവിൽ രാജ്യത്തെ ദേശീയ ശരാശരി വില 6.05 ഡോളർ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില കുത്തനെ ഉയർന്നത് അമേരിക്കയിലെ കർഷകരെയും ട്രക്ക് ഉടമകളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചതും ആഗോള ഇന്ധനവിതരണ ശൃംഖല താറുമാറായതുമാണ് അമേരിക്കൻ വിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. രാജ്യത്തെ ഏറ്റവും വലിയ കാർഷിക സംസ്ഥാനമായ കലിഫോർണിയയിൽ ഡീസൽ വില ഗാലന് 7.98 ഡോളർ ആയി ഉയർന്നു.
ഇതനുസരിച്ച് യുഎസിൽ നിലവിൽ ഡീസലിന് ഏതാണ്ട് 574 രൂപ മുതൽ 764 രൂപവരെയാണ് വില വരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം അധിക വിലയാണ് ഉപയോക്താക്കൾ ഇപ്പോൾ നൽകേണ്ടിവരുന്നത്.
ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കും ചെങ്കടലും കപ്പൽ ഗതാഗതത്തിന് ഏറെക്കുറെ ലഭ്യമല്ലാതായതോടെ ക്രൂഡോയിൽ വില ബാരലിന് 100-110 ഡോളർ നിലവാരത്തിലെത്തി. യുഎസ് സമ്പദ്വ്യവസ്ഥയിൽ ഡീസൽ നിർണായക പങ്കുവ വഹിക്കുന്നതിനാൽ ഈ വിലവർധന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ‘സൈലന്റ് കില്ലർ’ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഡീസൽ വിലയിലെ ഈ വർധന ഫലത്തിൽ ഭക്ഷ്യവില, വിവിധ ഉപഭോക്തൃ ഉൽപന്നങ്ങൾ, ഊർജോൽപന്നങ്ങൾ എന്നിവയുടെയും വിലക്കയറ്റത്തിന് കാരണമാകും. ഇത് ജനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും കനത്ത തിരിച്ചടിയാകുന്നതിനൊപ്പം പണപ്പെരുപ്പം വർധിക്കാനും സാമ്പത്തിക വളർച്ച മന്ദഗതിയിലാകാനും ഇടയാക്കും.
പെട്രോൾ വിലയും കഴിഞ്ഞദിവസം 4.15 ഡോളർ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അമേരിക്കൻ ജനങ്ങൾ ഇപ്പോൾ പെട്രോളിനും ഡീസലിനുമായി പ്രതിദിനം ഏകദേശം 70 കോടി ഡോളറിന്റെ (ഏതാണ്ട് 6700 കോടി രൂപ) അധിക ചെലവാണ് നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

