ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിൻ ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുട്ടിൻ ഇന്ന് കൂടിക്കാഴ്ചയും നടത്തും.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടക്കമുള്ള മറ്റു ലോകനേതാക്കളും ഉടൻ എത്തും. സുരക്ഷാകാരണങ്ങൾ മുൻനിർത്തി ലോകനേതാക്കൾ വിദേശയാത്രകളിൽ തങ്ങളുടെ സ്വന്തം വാഹനവ്യൂഹം കരുതാറുണ്ട്.
ഇത്തവണ ഇന്ത്യയിലെത്തുമ്പോഴും അവർക്കൊപ്പം സ്വന്തം വാഹനവ്യൂഹമുണ്ടാകും. അതിനുള്ള സൗകര്യങ്ങൾ ഇന്ത്യ ഒരുക്കിക്കൊടുക്കുന്നുണ്ട്.
റഷ്യൻ പ്രസിഡന്റിന്റെ ഔറസ് സെനറ്റ് ലോകത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹമുള്ള നേതാക്കളിലൊരാളാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിൻ. ഔറസ് സെനറ്റ് ആണ് അദ്ദേഹത്തിന്റെ ഇഷ്ടവാഹനം.
മെഴ്സിഡീസ്, ബിഎംഡബ്ല്യു വാഹനങ്ങൾക്ക് ഒരു തദ്ദേശീയ ബദൽ എന്ന നിലയിൽ റഷ്യ വികസിപ്പിച്ചെടുത്ത ആഡംബര വാഹനമാണിത്. റഷ്യന് വാഹന നിര്മാതാക്കളായ ഓറസ് മോട്ടോഴ്സാണ് ഇതിന്റെ നിർമാതാക്കൾ.
2018-ൽ രാജ്യാന്തരതലത്തിൽ പുറത്തിറക്കിയ ഈ കാറിന്റെ പ്രത്യേക പതിപ്പാണ് പുട്ടിനുവേണ്ടി നിർമിച്ചിട്ടുള്ളത്. ഓറസിന്റെ നീളം കൂടിയ ലിമോസിൻ മോഡലാണിത്.
ഏകദേശം 7 മീറ്ററാണ് വാഹനത്തിന്റെ നീളം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വരെ ഇതിന് സഞ്ചരിക്കാനാകും.
സ്നൈപ്പർ ആക്രമണങ്ങൾ, മൈനുകൾ, രാസായുധ ആക്രമണങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഈ കാർ ‘ചലിക്കുന്ന ബങ്കർ’ എന്നാണ് അറിയപ്പെടുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ, കാറ്റില്ലെങ്കിലും സഞ്ചരിക്കാവുന്ന ടയറുകൾ, അടിയന്തര ഓക്സിജൻ വിതരണ സംവിധാനം, ആയുധങ്ങൾ, ശത്രുക്കൾക്ക് ഹാക്ക് ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള അത്യാധുനിക മിലിട്ടറി എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവ ഈ കാറിലുണ്ട്.
കൂടാതെ, ‘പറക്കും ക്രെംലിൻ’ എന്ന് അറിയപ്പെടുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഇല്ല്യൂഷിൻ IL-96-300PU എന്ന വിമാനമാണ് പുട്ടിൻ ആകാശയാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഡെക്കോയ് ജെറ്റുകൾ, സുരക്ഷിത കമാൻഡ് സംവിധാനങ്ങൾ, നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇതിന് അകമ്പടി സേവിക്കും.
ചൈനീസ് പ്രസിഡന്റിന്റെ ഹോങ്ചീ എൻ701 ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉപയോഗിക്കുന്നത് ചൈനയിലെ ആഡംബര വാഹനനിർമാതാക്കളായ ഹോങ്ചീ (Hongqi)യുടെ എൻ701 എന്ന ആഡംബര ലിമോസീന്റെ പ്രത്യേക പതിപ്പാണ്. പ്രത്യേക ഫീച്ചറുകളും അതീവ സുരക്ഷാസന്നാഹങ്ങളുമുള്ള ആ വാഹനത്തിന്റെ പ്രത്യേകതകളെപ്പറ്റി ഏകദേശ വിവരം മാത്രമേ പുറംലോകത്തിനുള്ളൂ.
റോക്കറ്റ് ആക്രമണങ്ങളെയും ബോംബ് സ്ഫോടനങ്ങളെയും പോലും പ്രതിരോധിക്കാൻ ശേഷിയുള്ള പുറംകവചവും (ആർമർ) ഗ്ലാസുകളുമാണ് ഇതിനുള്ളത്. 4.0 ലീറ്റർ ട്വിൻ-ടർബോ V8 എൻജിനോ 6.0 ലീറ്റർ V12 എൻജിനോ ആണ് ഇതിനെന്നാണ് കരുതപ്പെടുന്നത്.
രാസ–ജൈവ ആക്രമണങ്ങളെ ഇതിനു പ്രതിരോധിക്കാനാവും. അത്തരം ആക്രമണമുണ്ടായാൽ, പുറത്തുനിന്നുള്ള വായു കാറിനുള്ളിലേക്കു കടക്കാത്ത ഐസലേറ്റഡ് എയർ സിസ്റ്റവും ഇതിനുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങൾ മെഴ്സിഡീസ് മെയ്ബാ എസ്650 ഗാർഡ് വാഹനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ ഔദ്യോഗിക ആവശ്യങ്ങൾക്കായി റേഞ്ച് റോവർ സെന്റിനലും ഉപയോഗിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ റേറ്റിങ്ങായ വിആർ10 ബാലിസ്റ്റിക് പ്രൊട്ടക്ഷനുള്ളതാണ് മോദിയുടെ വാഹനം. വെടിയുണ്ടകളേയും ബോംബ് ആക്രമണത്തേയും ഇതിനു തടയാനാകും.
വാഹനത്തിന്റെ 2 മീറ്റർ ദൂരത്തിൽ വരെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയാലും ഉള്ളിലുള്ള യാത്രക്കാരെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കാറിനാകും. രാസായുധ ആക്രമണങ്ങളുണ്ടായാൽ ഓക്സിജൻ നൽകുന്ന സംവിധാനവും നീളം കൂടിയ സീറ്റുകൾ, മസാജിങ് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.
500 പ്രീമിയം വാഹനങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കും പ്രത്യേക അതിഥികൾക്കുമായി 500 പ്രീമിയം വാഹനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മെഴ്സിഡീസ് ബെൻസ്, ടൊയോട്ട
വെൽഫയർ, കിയ കാർണിവൽ, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ വാഹനങ്ങളാണ് പ്രതിനിധികൾക്ക് യാത്ര ചെയ്യാനായി ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സൗകര്യങ്ങളും സുരക്ഷാ ആവശ്യകതകളും നിറവേറ്റുന്ന തരത്തിലാണ് ഈ വാഹന ക്രമീകരണം നടത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

