ഗള്‍ഫ് മേഖലയിലെ നിലവിലെ അനിശ്ചിതത്വം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. സമാധാനമില്ലാത്തതും വ്യക്തത ഇല്ലാത്തതുമായ ഒരു അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനായി ചാരപ്പണി നടത്തിയ അഞ്ചു പേര്‍ക്ക് ബഹ്റൈനില്‍ തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോരുകള്ക്കൊപ്പം ഗള്‍ഫ് മേഖലയിലെ അസ്ഥിരതയും തുടരുകയാണ്.
പല മേഖലകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുദ്ധഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മേഖലയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി അന്‍വര്‍ ഗര്‍ഗാഷ് രംഗത്തെത്തിയത്.
യുദ്ധവുമല്ല എന്നാല്‍ സമാധാനവുമല്ല എന്ന നിലയിലുള്ള ഇന്നത്തെ സ്ഥിതി തുടരാനാവില്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍, സമാധാനപരമായ സഹവര്‍ത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന ഈ ഘട്ടം ഇനി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വ്യക്തതയുള്ളതും സുസ്ഥിരവുമായ ഒരു പുതിയ രാഷ്ട്രീയ സാഹചര്യത്തിലേക്ക് മേഖല മാറേണ്ടതുണ്ടെന്നും അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

