മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്നതിനിടെ, തലസ്ഥാനത്ത് ഇന്ത്യാസഖ്യത്തെ ലക്ഷ്യമിട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിന് പുറത്താണ് “ഇന്ത്യാ സഖ്യത്തിന് ഇരട്ടത്താപ്പ്.
ജയിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കയ്യടി. തോറ്റാൽ കമ്മിഷന് തെറി” എന്ന രീതിയിലുള്ള വിവാദ പോസ്റ്ററുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപഴ്സൻ സുപ്രിയ ശ്രീനേറ്റ്, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ് വിവിധ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘‘സ്കോർ ബോർഡിനനുസരിച്ച് ഉത്തരം മാറുന്നു. ജയിക്കുമ്പോഴെല്ലാം അതിരുകടന്ന ആഘോഷം, തോൽക്കുമ്പോഴെല്ലാം വോട്ട് മോഷണ ആരോപണം.
തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിയാണോ തെറ്റാണോ? അത് അവർ വിജയികളാണോ എന്നതിനെ ആശ്രയിച്ചിരിക്കും’’– എന്നാണ് ഒരു പോസ്റ്ററിലെ പ്രധാന വാചകം. 2017ൽ സ്വന്തം പാർട്ടി വിജയിച്ചപ്പോൾ അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ചതും, എന്നാല്‍ 2022ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോള്‍ കമ്മിഷനെതിരെ കടുത്ത വിമർശനം ഉന്നയിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പോസ്റ്ററുമുണ്ട്.
ഇതില്‍ അഖിലേഷിന്റെ ചിത്രത്തിനൊപ്പം ‘‘ഹൗ കൺവീനിയന്റ് പൂക്കി’’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പോസ്റ്ററിൽ രാഹുൽ ഗാന്ധി ബാഗുമായി നില്ക്കുന്ന ദൃശ്യമാണുള്ളത്.
‘‘അദ്ദേഹം വിദേശമണ്ണിൽ ആഘോഷത്തിലായിരുന്നു. ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 59 ദിവസം വിട്ടുനിന്നു.
എന്നാൽ ജനങ്ങൾ വിധി പറഞ്ഞപ്പോൾ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്തു. നേരം വൈകിയാണ് എത്തിയത്, എന്നിട്ട് ക്ലോക്കിനെ കുറ്റം പറഞ്ഞു’’– എന്നിങ്ങനെയാണ് ഈ പോസ്റ്ററിലുള്ളത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാസഖ്യത്തിന്റെ യോഗം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് പുരോഗമിക്കുന്നത്. 20 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുക, എസ്ഐആർ നടപടിക്രമങ്ങൾ നിർത്തിവയ്ക്കുക, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന വോട്ടർമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഈ നിർണായക സഖ്യയോഗം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

