പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ നിര്യാണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദേശഭാഷാ ഭേദമന്യേ മൂന്നു തലമുറകളെ തന്റെ അനുപമമായ നാദധാരയിൽ ആറാടിച്ച മഹാഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ആന്ധ്രയിൽ ജനിച്ചുവെങ്കിലും മലയാളികളുടെ ഹൃദയത്തോട് ചേർന്നുനിന്ന കലാകാരിയായിരുന്നു ജാനകിയമ്മ. മലയാളിക്ക് പ്രണയത്തിന്റേയും വിരഹത്തിന്റേയും നൈർമല്യതയുടെയും അതിമനോഹര ഭാവങ്ങൾ സമ്മാനിച്ചാണ് അവർ വിടവാങ്ങുന്നത്.
ലതാ മങ്കേഷ്കർക്കൊപ്പം ഇന്ത്യൻ സിനിമാസംഗീത ലോകത്തിൽ ഏറ്റവും ആരാധരുണ്ടായിരുന്നത് അവർക്കായിരുന്നു. ദശാബ്ദങ്ങളോളം സംഗീതലോകത്തെ ധന്യമാക്കിയ ആ മാസ്മരിക ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളിലും എന്നും ജീവിക്കുമെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
മൈസൂരുവിൽ വെച്ചായിരുന്നു എസ് ജാനകിയുടെ അന്ത്യം. 88 വയസായിരുന്നു അന്ത്യസമയത്ത് പ്രായം.
ശ്വസന സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗായികയെ ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് വൈകീട്ട് 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

