ബെംഗളൂരുവിലെ സർജാപുരയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു വയസ്സുകാരനായ മലയാളി ബാലൻ ദാരുണമായി മരിച്ചു. മലപ്പുറം കോട്ടക്കൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്.
ജൂൺ 11, 2026 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നഴ്സറി വിദ്യാലയത്തിൽനിന്ന് മകനെയും കൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മാതാവ് ഷഹീബ.
യാത്രാമധ്യേ സ്കൂട്ടർ ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഈസ ആദിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
പരുക്കേറ്റ മാതാവ് ഷഹീബ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിലാണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ഐടി ജീവനക്കാരനാണ് പിതാവ് ആദിൽ.

