പാട്ന: ട്രെയിനുകളിൽ യാത്രക്കാരെ വിഷപ്പാമ്പുകളെ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയിരുന്ന സംഘം ബിഹാറിൽ പിടിയിലായി. ജനസേവ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച ആറുപേരെയാണ് ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) പിടികൂടിയത്.
പ്രതികളിൽ നിന്ന് പത്ത് വിഷപ്പാമ്പുകളെയും പിടിച്ചെടുത്തിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ജനറൽ കംപാർട്ട്മെന്റുകളിലാണ് ഈ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നത്.
യാത്രക്കാരെ ഭീഷണിപ്പെടുത്തി വലിയ തുക ആവശ്യപ്പെടുകയും, പണം നൽകാൻ വിസമ്മതിക്കുന്നവരുടെ ഇടയിലേക്ക് പാമ്പുകളെ തുറന്നുവിടുമെന്ന് ഭയപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ട് ഈ സംഘം ട്രെയിനിൽ സമാനമായ രീതിയിൽ പണം തട്ടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു യാത്രക്കാരൻ റെയിൽ മദദ് ആപ്പ് മുഖേന ആർപിഎഫിന് അടിയന്തര സന്ദേശം കൈമാറുകയായിരുന്നു.
തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പിടിയിലാകുമെന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥരെ വെട്ടിച്ചേർക്കാൻ ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിടാനും പ്രതികൾ ശ്രമം നടത്തി.
ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ ഇവരെ കീഴ്പ്പെടുത്തി ട്രെയിനിൽ നിന്ന് പുറത്തിറക്കിയത്. സ്റ്റേഷനിലെത്തിയ ശേഷവും ഇവർ സമാനമായ രീതിയിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.
ഈ സംഘത്തിനെതിരെ നേരത്തെയും നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇവർ സ്ഥിരമായി കയറുന്നതും ഇറങ്ങുന്നതുമായ സ്റ്റേഷനുകൾ ഏതെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നത് അന്വേഷണത്തിന് തിരിച്ചടിയായിരുന്നു. പിടിച്ചെടുത്ത വിഷപ്പാമ്പുകളെ വനം വകുപ്പിന് കൈമാറി.
ആർപിഎഫിന് പുറമെ വനം വകുപ്പും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘത്തിന്റെ അറസ്റ്റോടെ വലിയ ആശ്വാസത്തിലാണ് ട്രെയിൻ യാത്രക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

