കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സൌമ്യസാന്നിധ്യമായിരുന്ന പ്രമുഖ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ (54) മിന്നലേറ്റു ചരിഞ്ഞു. നീരിനുശേഷം ഒരുമാസമായി ഉടമ മേലമ്പാറയിലെ രാജേഷ് പല്ലാട്ടിന്റെ വീടിനു സമീപത്തെ ഷെഡിൽ വിശ്രമത്തിലായിരുന്നു ആന.
വൈകിട്ട് 6.30ന് ഉണ്ടായ മിന്നൽ ഷെഡിനും ആനയ്ക്കും ഏൽക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ താപ്പാനയായിരുന്ന ബ്രഹ്മദത്തനെ 28 വർഷം മുൻപ് കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസും സഹോദരൻ ചാക്കോയുമാണു കേരളത്തിലെത്തിച്ചത്.
പുതുപ്പള്ളി ബ്രഹ്മദത്തനാണ് 16 വർഷം മുൻപ് ഉടമ മാറിയപ്പോൾ പല്ലാട്ട് ബ്രഹ്മദത്തനായത്. 2015ൽ തൃശൂർ പൂരത്തിൽ പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പിൽ പങ്കെടുത്ത താരം, തൃശൂർ പൂരത്തിൽ പാറമേക്കാവിലെ രാത്രിപൂരത്തിനു തിടമ്പെടുത്തിരുന്നതുമായിരുന്നു.
10 അടി 2 ഇഞ്ച് ഉയരമുള്ള ബ്രഹ്മദത്തൻ മധ്യകേരളത്തിലെ ഉത്സവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. തൃശൂർ പൂരം, ഏറ്റുമാനൂർ ഏഴരപ്പൊന്നാന, വൈക്കത്തഷ്ടമി തുടങ്ങി കേൾവികേട്ട
ഉത്സവങ്ങളുടെയെല്ലാം തിടമ്പാനയായിരുന്ന ബ്രഹ്മദത്തൻ ഗാംഭീര്യവും ശാന്തതയും ഒരുപോലെ പാലിച്ചു. വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ തന്റെ പ്രാണന്റെ പ്രാണനായ പാപ്പാൻ ദാമോദരൻ നായരെ രക്ഷിക്കാൻവേണ്ടി മാത്രമാണ് ആനയൊന്ന് നിലതെറ്റിയത്.
അകമ്പടിനിന്ന മറ്റൊരു ആന ഇടഞ്ഞു കുത്തിയപ്പോൾ, നിലത്തുവീണ ദാമോദരൻ നായരെ കുത്താൻ ആഞ്ഞുശ്രമിച്ച ആനയെ തുമ്പിക്കൈയേന്തി ബ്രഹ്മദത്തൻ തടയുകയും, ഉച്ചത്തിൽ ചിന്നം വിളിച്ച് ആക്രമണകാരിയായ ആനയെ ഓടിക്കുകയും ചെയ്തു. മരണമുഖത്തുനിന്ന് ജീവനോടെ തിരിച്ചുവന്ന് ആനയെ കെട്ടിപ്പിടിച്ചു നിന്ന ദാമോദരൻ നായരുടെ കാഴ്ച ഏവരുടെയും മിഴികളെ നനയിക്കുന്നതായിരുന്നു.
ഒത്ത അഴകളവുകൾക്കൊപ്പം ചന്ദനനിറമാർന്ന മദഗിരിയും വിടർന്നുനിൽക്കുന്ന വിശാലമായ മസ്തകവും ഘനമുള്ള കൊമ്പുകളുമായിരുന്നു ബ്രഹ്മദത്തന്റെ പ്രധാന ആകർഷണം. തൃശൂർപൂരം എഴുന്നള്ളിപ്പു കഴിഞ്ഞു വരുംവഴി ഗുരുവായൂരിൽ ചെന്ന് കണ്ണനു മുന്നിൽ തുമ്പിക്കൈ ഉയർത്തി വണങ്ങുന്നത് ആനയുടെ പതിവായിരുന്നു.
‘ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ സമൂഹമാധ്യമങ്ങളിലും താരം സജീവമായിരുന്നു. മലയാളം മനസ്സിലാക്കാത്ത ആനയെ സ്നേഹത്തിലൂടെയാണ് പാപ്പാൻ ദാമോദരൻ നായർ വരുതിയിലാക്കിയത്.
ആനയ്ക്ക് മലയാളവും അദ്ദേഹം ഹിന്ദിയും പഠിപ്പിച്ചു. 2021 ജൂണിൽ ദാമോദരൻ നായർ (74) വിടപറഞ്ഞപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ളാക്കാട്ടൂരിലെ വീട്ടിലെത്തി ബ്രഹ്മദത്തൻ തുമ്പിക്കൈകൾ ഉയർത്തി യാത്രാമൊഴിയേകിയിരുന്നു.
ബ്രഹ്മദത്തനെ അവസാനമായി കാണാൻ സമീപജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് ആന പ്രേമികളാണ് ഇന്നലെ വൈകിട്ടു മുതൽ രാജേഷിന്റെ വീട്ടിലേക്ക് എത്തുന്നത്.

