ഉഡുപ്പി കേന്ദ്രീകരിച്ച് വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന കുപ്രസിദ്ധമായ ‘ടാറ്റൂ 313’ സംഘത്തിലെ രണ്ടുപേരെ മണിപ്പാൽ പൊലീസ് പിടികൂടി. ബെംഗളൂരു സ്വദേശിയായ ദർശൻ (21), ദാവൻഗരെ സ്വദേശിയായ ചന്ദ്രു (26) എന്നിവരാണ് അറസ്റ്റിലായത്.
സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയതാണ് കേസിൽ നിർണ്ണായകമായത്. ശിവള്ളി ഇന്ദ്രാലി റെയിൽവേ ഗോഡൗണിന് സമീപത്തുവെച്ച് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഇവർ കുപ്രസിദ്ധമായ ‘ടാറ്റൂ 313’ എന്ന മോഷണ സംഘത്തിലെ അംഗങ്ങളാണെന്ന് വ്യക്തമായത്.
പ്രതികളുടെ കൈകളിലെ പച്ചക്കുത്തുകൾ നിരീക്ഷിച്ചാണ് ഇവർ ഈ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലിൽ, ഏതാനും മാസങ്ങൾക്ക് മുൻപ് മണിപ്പാലിൽ ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു.
തുടർന്ന് പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശിവമൊഗ്ഗയിലെ ഒരു ലോഡ്ജ് മുറിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള പൂട്ടിയിട്ട
വീടുകൾ കേന്ദ്രീകരിച്ചാണ് ഈ സംഘം മോഷണം ആസൂത്രണം ചെയ്യുന്നത്. സംഘത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമായി നടന്നു വരികയാണെന്ന് മണിപ്പാൽ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

