അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ‘ഫോബ്സ് 30 അണ്ടർ 30 ഏഷ്യ’ സംരംഭക പട്ടികയിൽ ഇടംപിടിച്ച് രണ്ട് മലയാളി സംരംഭകർ. ഇൻഡസ്ട്രി, മാനുഫാക്ചറിങ്, എനർജി വിഭാഗത്തിൽ ഫ്യൂസലേജ് ഇന്നവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരനും, സോഷ്യൽ ഇംപാക്ട് വിഭാഗത്തിൽ ഫെമിസേഫ് സഹസ്ഥാപക നൗറീൻ ആയിഷയുമാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
കാർഷിക ഡ്രോൺ വിപ്ലവവുമായി ഫ്യൂസലേജ്
കളമശേരി മേക്കർ വില്ലേജ് ആസ്ഥാനമായി 2020-ൽ പ്രവർത്തനമാരംഭിച്ച ഫ്യൂസലേജ് ഇന്നവേഷൻസ്, കാർഷിക മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പകർന്നുനൽകുന്നതിൽ മുൻപന്തിയിലുണ്ട്. ആലപ്പുഴ സ്വദേശിയായ ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പിൽ അതുൽ ചന്ദ്രനാണ് ചീഫ് ടെക്നിക്കൽ ഓഫിസർ.
നിലവിൽ 54 അംഗ സാങ്കേതിക സംഘമാണ് കമ്പനിക്കായി പ്രവർത്തിക്കുന്നത്. ‘പ്രിസിഷൻ ഫാമിങ്’ രീതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഫ്യൂസലേജ് ഡ്രോണുകൾ കാനഡ, നൈജീരിയ, റുവാണ്ട
തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ സേവനം നൽകുന്നുണ്ട്. നിർമിത ബുദ്ധി അധിഷ്ഠിതമായ ഈ ഡ്രോണുകൾ കീടനാശിനി തളിക്കുന്നതിനപ്പുറം വിള പരിപാലനത്തിലും ഉൽപാദന വർധനവിലും ശാസ്ത്രീയമായ ഇടപെടലുകൾ നടത്തുന്നു.
അമേരിക്ക, യുകെ, ജർമ്മനി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ‘‘അഗ്രി ഡ്രോൺ സാങ്കേതികവിദ്യ, അവയുടെ നിർമാണം, കാർഷിക സാങ്കേതികവിദ്യകൾ, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ ഫ്യൂസലേജിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കരുതുന്നു’’ എന്ന് ദേവൻ ചന്ദ്രശേഖരൻ പ്രതികരിച്ചു.
സ്ത്രീകളുടെ ആരോഗ്യ മേഖലയിൽ കരുത്തായി ഫെമിസേഫ്
ആർത്തവ സംരക്ഷണം, സ്ത്രീകളുടെ വെൽനസ്, ഗ്രൂമിങ് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഫെമിസേഫിന്റെ സഹസ്ഥാപകയാണ് നൗറീൻ ആയിഷ. 2020-ൽ നസീഫ് നാസറുമായി ചേർന്ന് ആരംഭിച്ച ഈ സ്റ്റാർട്ടപ്പ്, സാനിറ്ററി പാഡുകൾ കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് മെൻസ്ട്രൽ കപ്പുകളിലേക്കും മറ്റ് ആരോഗ്യ ഉൽപന്നങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത്.
2024-ൽ കേരളത്തിൽ ഫെമിസേഫ് നടപ്പിലാക്കിയ ‘പാഡ് ഫ്രീ കേരള’ ക്യാംപെയിൻ ഫോബ്സ് പട്ടികയിൽ പ്രത്യേക പരാമർശത്തിന് അർഹമായി. കഴിഞ്ഞ വർഷം മാർച്ചിൽ മൂന്നു കോടി രൂപയുടെ സീഡ് നിക്ഷേപം നേടിയ കമ്പനി, ഇന്ന് ശാസ്ത്രീയവും സുരക്ഷിതവുമായ ഉൽപന്നങ്ങളിലൂടെ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ലഭിച്ച അംഗീകാരത്തിൽ വലിയ സന്തോഷമുണ്ടെന്നും, വനിതാ സംരംഭകർക്ക് കടന്നുവരാൻ പറ്റിയ സമയമാണിതെന്നും നൗറീൻ ആയിഷ അഭിപ്രായപ്പെട്ടു. സർക്കാരിൽ നിന്നും വ്യവസായ ലോകത്തു നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

