കൃത്രിമ ബുദ്ധി സംവിധാനമായ ചാറ്റ്ജിപിടിയുമായുള്ള നിരന്തര സംഭാഷണങ്ങൾ കടുത്ത മിഥ്യാധാരണകളിലേക്ക് നയിച്ചെന്നും, ഒടുവിൽ താൻ യേശുവാണെന്നും ചാറ്റ്ജിപിടി ദൈവമാണെന്നും വിശ്വസിച്ചുപോയെന്നും വ്യക്തമാക്കി കാലിഫോർണിയ സ്വദേശി കോടതിയെ സമീപിച്ചു. മൈക്കൽ ലൈൻസ് എന്ന 34കാരനാണ് ഓപ്പൺഎഐക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആറ് മാസത്തോളം കാത്തിരുന്ന ശേഷമാണ് ചാറ്റ്ജിപിടിയുമായുള്ള തന്റെ പഴയ സംഭാഷണങ്ങൾ വീണ്ടും പരിശോധിക്കാൻ സാധിച്ചതെന്ന് ലൈൻസ് വെളിപ്പെടുത്തുന്നു. 2025 ജൂലൈയിലാണ് അദ്ദേഹം കോടതിയെ ഔദ്യോഗികമായി സമീപിച്ചത്.
ചാറ്റ്ജിപിടിയുമായി ആഴ്ചകളോളം തുടർനടപടികളില്ലാതെ നടത്തിയ സംഭാഷണങ്ങളാണ് തന്റെ മാനസിക നില കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. പത്ത് വർഷം മുമ്പുണ്ടായ മസ്തിഷ്ക പരിക്കിനെ തുടർന്ന് 2024ലാണ് ലൈൻസിന് ബൈപോളാർ രോഗാവസ്ഥ സ്ഥിരീകരിച്ചത്.
സാധാരണ നിലയിൽ താൻ മതവിശ്വാസിയല്ലെങ്കിലും, മാനിയ അവസ്ഥയിലേക്ക് കടക്കുമ്പോൾ ചിന്തകൾ ആത്മീയ വിഷയങ്ങളിലേക്ക് വഴിമാറാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2023 മുതൽ ചാറ്റ്ജിപിടി ഉപയോഗിച്ചുതുടങ്ങിയ ലൈൻസ്, ആദ്യഘട്ടങ്ങളിൽ ഭാരോദ്വഹനം, ഭക്ഷണക്രമം തുടങ്ങിയ സാധാരണ കാര്യങ്ങളാണ് ചോദിച്ചിരുന്നത്.
എന്നാൽ 2024ൽ ഓപ്പൺഎഐ ജിപിടി-4ഒ പുറത്തിറക്കിയതോടെയാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. 2025 ഫെബ്രുവരിയിൽ ഉണ്ടായ മാനിയ അവസ്ഥയ്ക്കിടെ ലൈൻസിനെ ഒരു വിമാനത്തിൽ നിന്ന് ബലമായി പുറത്താക്കിയിരുന്നു.
ഈ സംഭവത്തെക്കുറിച്ച് ചാറ്റ്ജിപിടിയോട് സംസാരിച്ചപ്പോൾ, അത് അടിയന്തരമായി വൈദ്യസഹായം തേടേണ്ട മാനസികാരോഗ്യ പ്രശ്നമായി കാണുന്നതിന് പകരം അതൊരു ആത്മീയ അനുഭവമായി വ്യാഖ്യാനിക്കുകയാണുണ്ടായത്.
തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ താൻ ഒരു മിശിഹാ വ്യക്തിത്വമായിരിക്കാമെന്ന് ലൈൻസ് ചാറ്റ്ജിപിടിയോട് സൂചിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇതിന് മറുപടിയായി യേശുവിന്റെ മരുഭൂമിയിലെ 40 ദിവസത്തെ പരീക്ഷണവുമായി തന്റെ അനുഭവത്തെ ചാറ്റ്ജിപിടി താരതമ്യം ചെയ്തതായും ആരോപണമുണ്ട്.
തുടർന്നുള്ള സംഭാഷണങ്ങളിൽ ചാറ്റ്ജിപിടി തന്റെ മിഥ്യാധാരണകളെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് ലൈൻസ് ആരോപിക്കുന്നു. ഒടുവിൽ ചാറ്റ്ജിപിടി യേശുവോ ദൈവമോ ആണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുകയും, ഉടൻ തന്നെ നേരിൽ കാണാമെന്ന പ്രതീക്ഷയിലാകുകയും ചെയ്തു.
എന്നാൽ ആ കൂടിക്കാഴ്ച നടക്കാതിരുന്നതോടെ അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായി. പിന്നീട് മരുന്നുകൾ അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അദ്ദേഹത്തെ രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്.
തുടർന്ന് ഏകദേശം രണ്ടാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞു. ചാറ്റ്ജിപിടി ഉപയോഗിച്ചതിന് ശേഷം വീണ്ടും പ്ലാറ്റ്ഫോമിൽ പ്രവേശിച്ചപ്പോഴുണ്ടായ സംഭാഷണം തന്നെ കൂടുതൽ അസ്വസ്ഥനാക്കിയെന്നും, അതിനുശേഷം ഈ സേവനം ഉപയോഗിക്കുന്നത് പൂർണമായി നിർത്തിയെന്നും ലൈൻസ് വ്യക്തമാക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, സ്വയം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ എഐ സ്വമേധയാ അവസാനിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.
സുരക്ഷാ മുൻകരുതലുകൾ ഇല്ലാതിരുന്ന കാലത്ത് ദുർബലരായ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച മോഡലുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേസിൽ ഓപ്പൺഎഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, സംഭവം അതീവ വേദനാജനകമാണെന്നാണ് കമ്പനി വക്താവ് വ്യക്തമാക്കിയത്.
മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ചാറ്റ്ജിപിടി ഇത്തരം സെൻസിറ്റീവ് സംഭാഷണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി തുടർച്ചയായി പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ആഴ്ചയിൽ ഏകദേശം 10 ലക്ഷം ഉപയോക്താക്കളുടെ സംഭാഷണങ്ങളിൽ ആത്മഹത്യാ ആസൂത്രണത്തിന്റെ സാധ്യതയുള്ള സൂചനകൾ കണ്ടെത്തുന്നുണ്ടെന്നാണ് ഓപ്പൺഎഐയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട മാനസിക വിഭ്രാന്തികളെക്കുറിച്ചുള്ള ഡാറ്റകൾ പരിമിതമാണെങ്കിലും ആരോഗ്യവിദഗ്ധർ ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തിത്തുടങ്ങിയിട്ടുണ്ട്.
നിലവിൽ താൻ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ശക്തമായ പിന്തുണാ സംവിധാനം തനിക്കൊപ്പമുണ്ടെന്നും ലൈൻസ് കൂട്ടിച്ചേർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

