ഗാന്ധിജയന്തി ദിനത്തിൽ ഗോവയിൽ നിന്നും ട്രെയിൻ വഴി അനധികൃതമായി മദ്യം കടത്തി ചാത്തന്നൂരിൽ വെച്ച് കൈമാറുന്നതിനിടയിൽ ട്രെയിൻ ടിടിഇ ഉൾപ്പെടെ മൂന്ന് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. സംഭവത്തിൽ ആകെ 53.25 ലീറ്റർ മദ്യമാണ് അധികൃതർ പിടിച്ചെടുത്തത്.
കൊച്ചുവേളി സ്റ്റേഷൻ ടിടിഇയും ചാത്തന്നൂർ കാരംകോട് പൂന്തോട്ടത്തിൽ വീട്ടിൽ താമസക്കാരനുമായ ബി.എസ്.കണ്ണൻ (40), സുഹൃത്തുക്കളായ കണ്ണേറ്റ ശ്യാം നിവാസിൽ ശ്യാം (43), ചാത്തന്നൂർ വയലിക്കട സനിൽ നിവാസിൽ സനിൽ (51) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഗോവയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ച ഇന്ത്യൻ നിർമിത വിദേശ മദ്യം, ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയോടെ ചാത്തന്നൂർ കുരിശുംമൂട് പെട്രോൾ പമ്പിന് സമീപം വെച്ച് ബൈക്കിൽ കടത്തി കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് കണ്ണനും സനിലും ആദ്യം പിടിയിലാകുന്നത്. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എസ്.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഈ നടപടി സ്വീകരിച്ചത്.
ഇവരില് നിന്നും ഒരു ലീറ്റർ വീതമുള്ള 6 കുപ്പി മദ്യവും കടത്താൻ ഉപയോഗിച്ച ബൈക്കുകളും പിടിച്ചെടുക്കുകയുണ്ടായി. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ശ്യാമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 47 കുപ്പി മദ്യം കൂടി എക്സൈസ് സംഘം കണ്ടെടുത്തു.
ഗോവയിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി കേരളത്തിൽ എത്തിച്ച് ഉയർന്ന നിരക്കിൽ ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയിൽവേയിലെ ജോലിക്കിടയിലാണ് ബി.എസ്.കണ്ണന് ഗോവയിലെ മദ്യക്കച്ചവടക്കാരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചത്.
തുടർന്ന് 20,000 രൂപ ഗോവയിലേക്ക് ഓൺലൈൻ വഴി അയച്ചു കൊടുത്ത ശേഷം ട്രെയിൻ മാർഗം മദ്യം കടത്തിക്കൊണ്ടുവരാൻ ശ്യാമിനെ ഗോവയിലേക്ക് അയക്കുകയായിരുന്നു. ശ്യാം തിരികെ കൊച്ചിയിൽ എത്തിയപ്പോൾ കണ്ണൻ അവിടെ ചെന്ന് ഒപ്പം ചേരുകയായിരുന്നുവെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എമേഴ്സൻ ലാസർ, നഹാസ്, ബിജോയ്, അരുൺ ലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് ഇജാസ്, അനീഷ്, ശ്യാം, ഗിരീഷ്, സഫർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫിസ് ഡ്രൈവർ അഷിഖ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസിൽ പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

