കൊല്ലം ജില്ലയിൽ സ്ത്രീധനം അപര്യാപ്തമാണെന്നാരോപിച്ച് നവവധുവിന് നേരെ ക്രൂരമായ അതിക്രമം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചവറ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 27 നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾ പിന്നിട്ടതുമുതൽ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനു പിന്നാലെ ഏകദേശം ഒരു മാസത്തിനുശേഷം ഭർത്താവ് വിദേശത്തേക്ക് പോവുകയും അവിടെനിന്നും ഫോൺ വഴി നിരന്തരം അസഭ്യം പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഭർതൃവീട്ടുകാർ പിന്നീട് തിരികെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് സൗദിയിലെ ജോലിസ്ഥലത്തേക്ക് ഭർത്താവ് അഞ്ജുവിനെ ഒപ്പം കൂട്ടുകയും, അവിടെവച്ച് കുക്കർ, ലാപ്ടോപ് ചാർജർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നിരന്തരമായി മർദിച്ചുവെന്നുമാണ് പ്രധാന പരാതി. ക്രൂരമായ മർദ്ദനത്തിനിരയായ യുവതി കഴിഞ്ഞ സെപ്റ്റംബർ 30-നാണ് നാട്ടിൽ തിരിച്ചെത്തി പോലീസിൽ പരാതി നൽകിയത്.

