ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കവെ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കൂടി മരണത്തിന് കീഴടങ്ങി. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ മരണമടഞ്ഞത്.
ഈ അപകടത്തിൽ മറ്റ് രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജംക്ഷനു തെക്ക് ഭാഗത്തായി കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 3.20-നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
മണ്ണഞ്ചേരി അമ്പനാകുളങ്ങര എച്ചിക്കുഴി കായിച്ചിറ കെ.ബി. പ്രമോദിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് മൂന്നംഗ സംഘം ഈ വാഹനം മോഷ്ടിച്ചത്.
തുടർന്ന് മോഷ്ടിച്ച ബൈക്കിൽ തെറ്റായ ദിശയിൽ കൈചൂണ്ടി ജംക്ഷനിലേക്ക് വരുന്നതിനിടയിൽ തെരുവുനായ്ക്കളെ ഇടിക്കുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. നിയന്ത്രണം വിട്ട
വാഹനം എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ച ശേഷം റോഡിലൂടെ ഏകദേശം 50 മീറ്ററോളം തെന്നിനീങ്ങുകയായിരുന്നു. ഈ അപകടത്തിൽ മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ മുഹമ്മദ് സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
എതിരെ വന്ന റിജോ ജോൺസൺ, സുഹൃത്ത് അക്ഷയ് വിൻസന്റ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് മോഷ്ടാക്കൾ സഞ്ചരിച്ച വാഹനം ഇടിച്ചത്. ഈ അപകടത്തിൽ റിജോയുടെ ഇടതുകാലിനും കൈക്കും, അക്ഷയ്യുടെ ഇരുകൈകൾക്കും ഇടതുകാലിനും പരുക്കേറ്റിരുന്നു.
ഷിജാസിന് അപകടം സംഭവിച്ച വിവരമറിഞ്ഞ് ദുബൈയിലായിരുന്ന മാതാവ് സുബിന കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ എത്തിയിരുന്നു. ഷഹനാസ്, ആയിഷ, സന ഫാത്തിമ എന്നിവരാണ് ഷിജാസിന്റെ സഹോദരിമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

