മുന്തിരിത്തോപ്പുകളുടെ ദൃശ്യങ്ങൾ കാണാൻ ഇനി കോട്ടയം ജില്ലയിലുള്ളവർ കമ്പത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. പാമ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡ് ചെറുകുന്നിൽ കംബോഡിയൻ ഇനം മുന്തിരി വിളവെടുപ്പിന് സജ്ജമായിരിക്കുകയാണ്.
തടിപ്പറമ്പിൽ കെ.ബി.മനോജ് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ച മുന്തിരിവള്ളികളിലാണ് ഇപ്പോൾ സമൃദ്ധമായി കുലകൾ നിറഞ്ഞിരിക്കുന്നത്. ഇവിടെയുള്ള ഓരോ കുലയിലും ഏകദേശം നാലു കിലോയോളം ഭാരമുള്ള മുന്തിരിയാണ് വിളവെടുപ്പിനായി തയ്യാറെടുക്കുന്നത്.
വച്ചാഴ്ചയ്ക്കുള്ളിൽ തന്നെ ആദ്യഘട്ട വിളവെടുപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വർഷം മുൻപാണ് കർഷകനായ മനോജ് തന്റെ കൃഷിയിടത്തിൽ മുന്തിരി പരീക്ഷിക്കാൻ തീരുമാനിച്ചത്. സമൂഹമാധ്യമത്തിൽ കണ്ട
പരസ്യത്തിന്റെ അടിസ്ഥാനത്തിൽ 250 രൂപ ചെലവഴിച്ചാണ് അദ്ദേഹം എട്ട് കംബോഡിയൻ മുന്തിരിത്തൈകൾ വാങ്ങിയത്. തുടക്കത്തിൽ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറാൻ തയ്യാറായില്ല.
വീണ്ടും കൃഷിയിൽ പൂർണ്ണശ്രദ്ധ കേന്ദ്രീകരിച്ചതോടെ കഴിഞ്ഞ ജൂണിൽ ആ പരിശ്രമത്തിന് ഫലം കണ്ടുതുടങ്ങി. ഒരടി താഴ്ചയിൽ കുഴിയെടുത്ത് വേപ്പിൻപിണ്ണാക്ക്, ചാണകം, എല്ലിൻപൊടി തുടങ്ങിയ ജൈവവളങ്ങൾ ചേർത്താണ് തൈകൾ വളർത്തിയത്.
ചെടി വാടിപ്പോയാലും അനുകൂല സാഹചര്യം വരുമ്പോൾ വീണ്ടും തളിർത്തു വരുമെന്നതാണ് കംബോഡിയൻ ഇനത്തിന്റെ പ്രധാന പ്രത്യേകതയെന്ന് കെ.ബി.മനോജ് വ്യക്തമാക്കുന്നു. പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്ത് നിന്നും രണ്ട് സെന്റ് സ്ഥലത്താണ് നിലവിൽ മുന്തിരി കൃഷി നടത്തിയിട്ടുള്ളത്.
മുന്തിരിക്ക് പുറമെ വിവിധയിനം പച്ചക്കറികൾ, ഡ്രാഗൺ ഫ്രൂട്ട്, പേരയ്ക്ക തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും മനോജിന്റെ കൃഷിയിടത്തിന്റെ സവിശേഷതയാണ്. കംബോഡിയൻ മുന്തിരിയുടെ ഈ വിജയം നൽകിയ ആത്മവിശ്വാസത്തിൽ കൂടുതൽ ഇനം മുന്തിരികൾ കൂടി ഇവിടെ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.
അതിനിടയിൽ, വിജയകരമായി വിളഞ്ഞുനിൽക്കുന്ന കൃഷിയിടം കാണാൻ നിരവധി ജനപ്രതിനിധികൾ എത്തിയിരുന്നു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു ഐസക്, വൈസ് പ്രസിഡന്റ് ജോളി പി.
ഐസക്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഷേർലി തര്യൻ, വാർഡ് മെംബർമാരായ സൂസമ്മ കുരുവിള, ജെസ്സി സാബു, കുടുംബശ്രീ ചെയർപഴ്സൻ സ്മിത ഉല്ലാസ്, സിഡിഎസ് അംഗം സുബിന സുരേന്ദ്രൻ തുടങ്ങിയവർ കൃഷിയിടം നേരിട്ട് സന്ദർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

