ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച സാധാരണക്കാർ, തുക തിരികെ ലഭിക്കാതെ ദുരിതത്തിൽ. തിരുവനന്തപുരം ജില്ലയിൽ മാത്രം 5640 നിക്ഷേപകർക്ക് ലഭിക്കാനുള്ളത് ഏകദേശം 964 കോടി രൂപയാണ്.
സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പ്രതിസന്ധിയിലായ വിവിധ സ്ഥാപനങ്ങളിൽ പണം കുടുങ്ങിയതോടെ നിരവധി കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെടുമ്പോൾ വിവിധ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ചൂണ്ടിക്കാണിച്ചും, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേര് പറഞ്ഞും അധികൃതർ പണം നൽകുന്നത് വൈകിപ്പിക്കുകയാണെന്ന് നിക്ഷേപകർ ആരോപിക്കുന്നു.
ലക്ഷങ്ങളും കോടികളും നിക്ഷേപിച്ച പലർക്കും ഇപ്പോൾ അഞ്ചും ആറും മാസങ്ങൾ കൂടുമ്പോൾ ലഭിക്കുന്നത് വെറും 1000 മുതൽ 5000 രൂപ വരെ മാത്രമാണ്. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് സംഘങ്ങൾ അന്വേഷണം നടത്തിവരുന്നുണ്ടെങ്കിലും, അന്വേഷണം എന്നു പൂർത്തിയാകുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.
ശസ്ത്രക്രിയയ്ക്കായി മാറ്റിവച്ച തുക ബാങ്കിൽ കുടുങ്ങിയതിനെ തുടർന്ന് ചികിത്സ നീട്ടിവയ്ക്കേണ്ടി വന്നവരും, വർഷങ്ങളുടെ സമ്പാദ്യം മകളുടെ വിവാഹത്തിനായി ഉപയോഗിക്കാനാകാതെ വലയുന്ന കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. പെൻഷൻ തുക നിക്ഷേപിച്ച വയോധികരും, പണം സുരക്ഷിതമായിരിക്കുമെന്ന് കരുതി നിക്ഷേപം നടത്തിയ പ്രവാസികളും നീതി തേടി സഹകരണ സ്ഥാപനങ്ങളുടെ പടികൾ കയറിയിറങ്ങുകയാണ്.
പണം എപ്പോൾ തിരികെ ലഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ സമയക്രമം പ്രഖ്യാപിക്കണമെന്നാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം. “ഇത് ഞങ്ങൾ ബാങ്കിനോട് കടം ചോദിക്കുന്നതല്ല.
ഞങ്ങളുടെ സ്വന്തം പണമാണ്. ജീവിതം മുഴുവൻ സമ്പാദിച്ച തുകയാണ്.
ആവശ്യസമയത്ത് അതു തിരിച്ചു കിട്ടിയില്ലെങ്കിൽ പിന്നെ ആ പണംകൊണ്ട് എന്ത് പ്രയോജനം?” – മുജീബ് റഹ്മാൻ, ശാന്തിവിള ചോദിക്കുന്നു. “ആവശ്യസമയത്ത് എടുക്കാമെന്ന് കരുതി ജീവിതം മുഴുവൻ മിച്ചംപിടിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്.
ഞങ്ങളെ കബളിപ്പിച്ചു. ഇപ്പോൾ പണം വേണമെന്നു പറയുമ്പോൾ സ്വന്തം പണം തന്നെ ചോദിച്ചു വാങ്ങേണ്ട
അവസ്ഥയാണ്.” – എസ്.സതീഷ് ചന്ദ്രൻ നായർ, നെടുമങ്ങാട് വ്യക്തമാക്കുന്നു. “ചികിത്സയ്ക്കാണ് പണം വേണ്ടത്.
ബാങ്കിൽ എന്റെ പണം കിടക്കുന്നുണ്ട്. പക്ഷേ അതെടുത്ത് ആശുപത്രിയിൽ അടയ്ക്കാൻ കഴിയുന്നില്ല.
ഇനി ആരോടാണ് കടം ചോദിക്കേണ്ടത്? മരുന്ന് എങ്ങനെ വാങ്ങും?” – റംലത്ത് ബീവി, കുമാരപുരം ദുഃഖം പങ്കുവെക്കുന്നു. “ഞങ്ങൾക്ക് വലിയ പലിശയൊന്നും വേണ്ട.
നഷ്ടപരിഹാരവും വേണ്ട. ഞങ്ങളുടെ സ്വന്തം പണം മാത്രം തിരികെ തന്നാൽ മതി.
എത്രനാൾ ഞങ്ങൾ കാത്തിരിക്കണം.” – ദിനചന്ദ്രൻ, വെള്ളനാട് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

