കോഴിക്കോട്ടു നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിനിടയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ജീവനക്കാർ മരണപ്പെട്ട ദാരുണ സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ കമ്മിഷൻ അടിയന്തര നിർദ്ദേശങ്ങൾ നൽകി.
സർവീസുകളുടെ ചുമതലയുള്ളവർ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. ദീർഘദൂര സർവീസുകൾ നടത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്.
കൂടാതെ, ദീർഘദൂര യാത്രകൾക്കായി നിശ്ചയിച്ചിട്ടുള്ള വിന്യാസ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യമായ പരിചയസമ്പത്തോ യോഗ്യതയോ ഇല്ലാത്ത ജീവനക്കാരെ ഇത്തരം ദീർഘദൂര സർവീസുകൾക്കായി ഒരിക്കലും നിയോഗിക്കാൻ പാടില്ല.
ജോലിയും വിശ്രമ സമയവും സംബന്ധിച്ച ഔദ്യോഗിക രേഖകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായി നൽകിയിട്ടുള്ള നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ, അവയുടെ നിർവഹണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് കെഎസ്ആർടിസി സിഎംഡി പത്ത് ദിവസത്തിനകം കമ്മിഷന് സമർപ്പിക്കേണ്ടതാണ്.
വരും ദിവസങ്ങളിൽ കേസ് കൂടുതൽ പരിഗണിക്കുന്നതായിരിക്കും. തുടർച്ചയായ ജോലിഭാരം മൂലമുണ്ടാകുന്ന ഉറക്കക്കുറവും ശാരീരിക ബുദ്ധിമുട്ടുകളുമാണ് അപകടങ്ങൾക്ക് കാരണമെന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്.
തലേദിവസം മൈസൂരിൽ നിന്നും സർവീസ് നടത്തി തിരിച്ചെത്തിയ ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം നൽകാതെ അന്ന് രാത്രി തന്നെ വീണ്ടും ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. വെറും അഞ്ചുമാസം മാത്രം പ്രവൃത്തി പരിചയമുള്ള താൽക്കാലിക ഡ്രൈവറെ മാനദണ്ഡങ്ങൾ പൂർണ്ണമായും അവഗണിച്ച് ദീർഘദൂര സർവീസിന് ചുമതലപ്പെടുത്തിയതായും ജീവനക്കാർ ആരോപിക്കുന്നു.
ഇത്തരം പ്രചാരണങ്ങൾ വാസ്തവമാണെങ്കിൽ അത് ഗൗരവമേറിയ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാന സ്വമേധയാ എടുത്ത കേസിലാണ് കമ്മിഷന്റെ ഈ ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

