വസ്തു തരംമാറ്റുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ തഹസിൽദാർ അടക്കമുള്ളവർ വിജിലൻസ് പിടിയിലായ സംഭവത്തിൽ ഒളിവിൽ പോയ ഇടനിലക്കാരൻ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശിയായ റിട്ട.
ഡപ്യൂട്ടി കലക്ടർ എൻ.കെ. കൃപയെ (59) ആണ് എറണാകുളം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
തഹസിൽദാർ ഉൾപ്പെടെയുള്ളവർ വിജിലൻസിന്റെ പിടിയിലായ വിവരം അറിഞ്ഞയുടൻ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി തരംമാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ രാജേഷ് എൻ.എസ്, ജോസഫ് ഷിബിൻ എന്നിവരെ വിജിലൻസ് സംഘം പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രസ്തുത കൈക്കൂലി ഇടപാടിൽ റിട്ട.
ഡപ്യൂട്ടി കലക്ടറായ എൻ.കെ. കൃപയും ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നതിനുള്ള നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർനടപടികളുടെ ഭാഗമായി പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അഴിമതിയിൽ നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെയും അവർക്ക് ഒത്താശ ചെയ്യുന്ന ഇടനിലക്കാരെയും ഒരേപോലെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അഴിമതി ശൃംഖല പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അഴിമതി സംബന്ധിച്ച ഏതെങ്കിലും വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, ഫോൺ നമ്പർ: 8592900900, വാട്സ്ആപ്പ് നമ്പർ: 9447789100 എന്നിവയിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

