ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സംഭവത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. മൂന്നാർ ഡിഎഫ്ഒയ്ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്.
ആനത്താരകളുടെ അഭാവമാണോ ആക്രമണങ്ങൾ വർധിക്കാൻ കാരണമെന്നും, ഇവ തടയാനായി വനം വകുപ്പ് സ്വീകരിച്ച പ്രതിരോധ നടപടികൾ എന്തൊക്കെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. ജൂൺ 9-ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട
മാരിയുടെ കുടുംബത്തിന് നൽകിയ നിയമപരമായ നഷ്ടപരിഹാര തുകയുടെ വിശദാംശങ്ങളും മൂന്നാഴ്ചയ്ക്കകം കമ്മിഷനിൽ സമർപ്പിക്കേണ്ടതുണ്ട്. മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയതിനിടെയാണ് മാരി കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
ഒരു വർഷം മുൻപ് ഭർത്താവ് രോഗബാധിതനായി മരണപ്പെട്ടതോടെ, പതിനഞ്ചും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികൾ അനാഥരായ സാഹചര്യമാണ് നിലവിലുള്ളത്. മാതാപിതാക്കൾ നഷ്ടപ്പെട്ട
കുട്ടികൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലോ എയ്ഡഡ് ബോർഡിങ് സ്കൂളുകളിലോ പ്രവേശനം നൽകുന്നത് സംബന്ധിച്ചും ജില്ലാ കലക്ടർ അടിയന്തര പരിശോധന നടത്തണം. ഈ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഡിഎഫ്ഒ, ജില്ലാ പട്ടികവർഗ വികസന ഓഫിസർ, ജില്ലാ സാമൂഹിക നീതി ഓഫിസർ എന്നിവരുടെ സേവനം കലക്ടർക്ക് പ്രയോജനപ്പെടുത്താം.
നഷ്ടപരിഹാരത്തുക ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്.
ജൂലൈ 15-ന് തൊടുപുഴ റെസ്റ്റ് ഹൗസിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിങ്ങിൽ ജില്ലാ കലക്ടർ, ഡിഎഫ്ഒ എന്നിവരുടെ പ്രതിനിധികൾ നേരിട്ട് ഹാജരായി മറുപടി നൽകണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഈ ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

