പൊതു റിലീസിന് മുന്നോടിയായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണുകൾക്കായി ആൻഡ്രോയിഡ് 17 ക്യുപിആർ 1 ബീറ്റ 8 പുറത്തിറക്കി. ആൻഡ്രോയിഡ് 17 ക്യുപിആർ 1 ബീറ്റ 7 പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബറോടെ ഈ അപ്ഡേറ്റിന്റെ പൊതു റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഈ പുതിയ അപ്ഡേറ്റിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും ഉപയോക്താക്കൾ നേരിട്ടിരുന്ന പ്രധാനപ്പെട്ട ചില തകരാറുകൾ പരിഹരിച്ചിട്ടുണ്ട്.
ഡിവൈസ് അൺലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഫിംഗർപ്രിന്റ് പരിശോധന പ്രവർത്തിക്കാതെ പോകുന്ന പ്രധാന പ്രശ്നമാണ് ഇതിലൂടെ പരിഹരിച്ചിട്ടുള്ളത്. അതുപോലെ മീഡിയ പ്ലേ ചെയ്യുമ്പോഴും നോട്ടിഫിക്കേഷനുകൾ വരുമ്പോഴും ഉണ്ടാകുന്ന അപ്രതീക്ഷിതമായ ഉച്ചത്തിലുള്ള ശബ്ദ തകരാറുകളും സ്റ്റാറ്റിക് ശബ്ദങ്ങളും ഇല്ലാതാക്കിയിട്ടുണ്ട്.
കൂടാതെ എൻ.എഫ്.സി ടാഗുകൾ ഉപയോഗിക്കുന്നതിലെ തടസ്സങ്ങളും ഈ അപ്ഡേറ്റിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പിക്സൽ ടാബ്ലെറ്റ് സ്പീക്കർ ഡോക്ക് ഉപയോഗിക്കുന്നവർക്ക് കണക്ഷൻ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതും പുതിയ പതിപ്പിൽ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്.
കണക്റ്റ് ചെയ്യുമ്പോൾ ഈ ഡോക്ക് ഇടയ്ക്കിടെ ഓഫ്ലൈനാവുകയോ കണക്റ്റ് ആകാതിരിക്കുകയോ ചെയ്യുന്നതായി മുൻപ് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ആൻഡ്രോയിഡ് ബീറ്റ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പിക്സൽ ഡിവൈസുകൾക്കായി ഈ ബീറ്റ പതിപ്പ് ലഭ്യമാണ്.
പിക്സൽ 6 മുതൽ മുകളിലോട്ടുള്ള എല്ലാ പുതിയ ഡിവൈസുകളിലും ഈ അപ്ഡേറ്റ് ലഭ്യമാകും. കൂടാതെ പിക്സൽ ടാബ്ലെറ്റിലും ഇത് ലഭിക്കുന്നതാണ്.
ബീറ്റ പതിപ്പിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾ ഭാവിയിലെ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അവരവരുടെ അഭിപ്രായങ്ങളും ഫീഡ്ബാക്കുകളും നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

