സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴ ശക്തമാകാൻ കാരണം.
ഇതുമുൻനിർത്തി ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിച്ചേക്കാം.
കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
വിവിധയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 01-08-2026 തീയതിയായ ഇന്ന് അവധി പ്രഖ്യാപിച്ചു.
എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും ഈ അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും 01.08.2026 ന് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

