മധ്യപ്രദേശിലെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ഇൻഡോറിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
വാഹനം നിയന്ത്രിക്കാൻ ഡ്രൈവർക്ക് കഴിയാതെ വന്നതോടെ ടാങ്കർ റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്നും ഡീസൽ റോഡിലേക്കും സമീപത്തെ ഓടയിലേക്കും ഒഴുകിപ്പരന്നു.
വലിയ തീപിടുത്ത സാധ്യതയുള്ള ഗുരുതരമായ അപകടാവസ്ഥ നിലനിന്നിട്ടും, ഇതൊന്നും വകവെയ്ക്കാതെ പ്രദേശവാസികളായ ഗ്രാമീണർ പാത്രങ്ങളും കാനുകളുമായി ഇന്ധനം ശേഖരിക്കാൻ തടിച്ചുകൂടുകയായിരുന്നു. മുതിർന്നവരും കുട്ടികളും അടങ്ങുന്ന സംഘമാണ് വലിയ പാത്രങ്ങളും കന്നാസുകളുമായെത്തി ഒഴുകിപ്പോയ ഡീസൽ വാരിയെടുക്കാൻ മത്സരിച്ചത്.
വിവരമറിഞ്ഞ് പൊലീസും എക്സ്പ്രസ്വേ മാനേജ്മെന്റ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി ജനങ്ങളെ ഒഴിപ്പിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കാനായി അടിയന്തര സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ സ്വീകരിച്ചത്.
തുടർന്ന് കൂടുതൽ വാഹനഗതാഗതം തടയുന്നതിനായി അപകടം നടന്ന ഭാഗം ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണ്ണമായും അടച്ചു. അതേസമയം, അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

