പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തരിൽ പ്രമുഖയായിരുന്ന എംപി സായോണി ഘോഷ് വിമത പക്ഷത്തേക്ക് കൂറുമാറിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പാർട്ടിക്കുള്ളിലെ 20 വിമത എംപിമാരുടെ പട്ടികയിൽ സായോണി ഘോഷ് ഉൾപ്പെട്ടതായി വിവിധ കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു. ജാദവ്പുർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായ സായോണി ഘോഷ് ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിമത നീക്കത്തിന് നേതൃത്വം നൽകുന്ന കകോലി ഘോഷ് ദസ്തിദാർ, 20 എംപിമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ ഉൾപ്പെട്ടവരുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനു പിന്നാലെ, മമത ബാനർജിയുടെ മറ്റൊരു വിശ്വസ്തയായ എംപി മാലാ റോയ് കൂടി ഡൽഹിയിലെത്തി വിമത ഗ്രൂപ്പിൽ ചേർന്നത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ലോക്സഭയിൽ 28 അംഗങ്ങളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്.
കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പാർട്ടി പിളർത്താൻ ആവശ്യമായ അംഗബലം വിമതർക്ക് ഉണ്ടോ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അടുത്തിടെ പാർട്ടിയുടെ യുവജന വിഭാഗം അധ്യക്ഷയായി നിയമിക്കപ്പെട്ട
സായോണി ഘോഷ്, മമതയുടെ ശക്തമായ പിന്തുണക്കാരിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ‘ദീദി ജയിച്ചാൽ ബംഗാൾ ജയിക്കും’ എന്ന മുദ്രാവാക്യം ഉയർത്തി മമത ബാനർജി ഭാവി പ്രധാനമന്ത്രിയാണെന്ന് സായോണി ഘോഷ് പ്രസംഗിച്ചിരുന്നു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘എതിരാളികൾ വോട്ട് മോഷ്ടിച്ചതുകൊണ്ടാണ്’ മമത ബാനർജി തോറ്റതെന്നും, തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്നും സായോണി ഘോഷ് വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ മമതാ ക്യാംപിനെ തള്ളി അവർ വിമത പക്ഷത്ത് എത്തിയത് രാഷ്ട്രീയ നിരീക്ഷകർ വലിയ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

