ചിന്നക്കനാൽ സിംഗുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരിയുടെ (36) സംസ്കാരച്ചടങ്ങുകൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ നടന്നു. മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുന്നതിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട
മാരിയുടെ മൃതദേഹം ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തായി പൊതുദർശനത്തിന് വെച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ രക്ഷിന് (11) ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല.
മാതാവിനൊപ്പമുണ്ടായിരുന്ന മകൾ രക്ഷിണിയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എംഎൽഎമാരായ സേനാപതി വേണു, എഫ്.
രാജ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
രക്ഷിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തലയോട്ടിയിൽ പൊട്ടലേറ്റ കുട്ടിയെ നിലവിൽ ന്യൂറോ സർജറി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നു
കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.
ധനസഹായത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപമായി മാറ്റും. കുട്ടികൾക്ക് 18 വയസ്സ് പൂർത്തിയാകുന്നത് വരെ വിദ്യാഭ്യാസച്ചെലവും റേഷൻ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കും.
കൂടാതെ, പ്രതിമാസ ചെലവുകൾക്കായി 5000 രൂപ വീതം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഉപദേശകനായി നിയമിക്കും.
കേടായ വീടിന്റെ അറ്റകുറ്റപ്പണികൾ സർക്കാർ തന്നെ നിർവഹിക്കും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കി ജൂലൈ 9-ന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും നേരിൽ കണ്ട് ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

