മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവർത്തനത്തിനിടയിൽ പിറവത്ത് അഗ്നിരക്ഷാ സേനയ്ക്ക് ആശങ്കയും ആകാംക്ഷയും സൃഷ്ടിച്ച് ഒരു ഫോൺ സന്ദേശം. ഇന്നലെ പുലർച്ചെ 12.15-നാണ് പാലച്ചുവട് ആനിത്തോട്ടിലെ വെള്ളത്തിനടിയിൽ നിന്നും പ്രകാശം കാണുന്നതായി അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരം ലഭിച്ചത്.
വെള്ളക്കെട്ടിൽ ആരെങ്കിലും സ്കൂട്ടർ മറിഞ്ഞു വീണതാകാമെന്ന സംശയവും ഫോൺ ചെയ്ത വ്യക്തി പ്രകടിപ്പിച്ചിരുന്നു. സന്ദേശം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി.
അപ്പോഴേയ്ക്കും നിരവധി നാട്ടുകാരും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ തോടിന്റെ ആഴവും ശക്തമായ കുത്തൊഴുക്കും കാരണം വെള്ളത്തിലിറങ്ങി പരിശോധന നടത്താൻ ആരും തയാറായിരുന്നില്ല.
തുടർന്ന് സാഹചര്യം നേരിടാൻ സേനാംഗങ്ങളായ മഹേഷും ബാബുവും തോട്ടിലേക്ക് ഇറങ്ങി വെള്ളത്തിനടിയിലേക്ക് മുങ്ങി പരിശോധന നടത്തുകയായിരുന്നു. ശക്തമായ മഴയിൽ ഒഴുക്കിൽപെട്ട് എത്തിയ ഒരു എൽഇഡി ബൾബാണ് വെള്ളത്തിനടിയിൽ നിന്നും പ്രകാശിക്കുന്നതെന്ന് പിന്നീട് ഇവർ സ്ഥിരീകരിച്ചു.
ഇത് വ്യക്തമായതോടെ പ്രദേശത്തുണ്ടായിരുന്നവരുടെ ആശങ്ക പൂർണ്ണമായും ആശ്വാസത്തിന് വഴിമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

