കേരള തീരത്ത് മൺസൂൺ കാല മത്സ്യബന്ധന നിരോധനം ഇന്നുമുതൽ ആരംഭിച്ചു. കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പ്രജനനകാലം സംരക്ഷിക്കുന്നതിനുമായി നടപ്പിലാക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും.
ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് പൂർണ്ണ വിലക്കുണ്ട്. നിരോധനത്തിന്റെ ഭാഗമായി കോസ്റ്റ് ഗാർഡ് കർശനമായ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
ഇവർക്ക് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധിവരെ മീൻപിടുത്തം തുടരാം. എന്നാൽ, രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗ് ഈ കാലയളവിൽ കർശനമായി നിരോധിച്ചിരിക്കുന്നു.
പ്രധാന ഹാർബറുകളിലും ഇന്ധന വിതരണ കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ എന്നീ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും അർദ്ധരാത്രി മുതൽ ജൂലൈ 28 വരെ അടച്ചിടും.
ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിരോധന കാലയളവിൽ നിർത്തിവെക്കും. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ എന്നിവിടങ്ങളിൽ യന്ത്രവത്കൃത ബോട്ടുകളുടെ സഞ്ചാരത്തിനും നങ്കൂരമിടുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചവ ഒഴികെയുള്ള പരമ്പരാഗത ബോട്ടുകൾക്ക് നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അന്യസംസ്ഥാന ബോട്ടുകൾക്ക് തീരത്ത് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

