കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. വിദൂരത്തിരുന്നുള്ള റോബോട്ടിക് നിയന്ത്രണത്തിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി നിർവഹിക്കാൻ സാധിക്കുമെന്ന് ഈ നേട്ടത്തിലൂടെ തെളിയിക്കപ്പെട്ടു.
കൊല്ലം സ്വദേശിയായ 70 വയസ്സുകാരനിൽ പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയുടെ ഭാഗമായ ‘റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി’ (ആർഎആർപി) ആണ് ഇത്തരത്തിൽ നടത്തിയത്. യുറോ ഓങ്കോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
ടി.എ. കിഷോർ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നുകൊണ്ട് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
ദീർഘദൂര ടെലിസർജറി രംഗത്തെ നിർണ്ണായകമായ ഈ ചുവടുവെപ്പ്, ഭാവിയിൽ ആരോഗ്യമേഖലയിൽ വലിയ സാധ്യതകളാണ് തുറന്നിടുന്നത്. വിദൂരയിടങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ അത്യാധുനിക ചികിത്സകൾ ഉറപ്പാക്കാൻ സാധിക്കുമെന്നത് മെഡിക്കൽ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
‘സർജൻ ശസ്ത്രക്രിയാസ്ഥലത്ത് നേരിട്ട് എത്താതെ തന്നെ, രോഗികൾക്ക് ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം ലഭ്യമാക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും സ്ഥലവും ദൂരവും ഇതിന് ഒരു തടസ്സമല്ലെന്നും ഈ ശസ്ത്രക്രിയ തെളിയിക്കുന്നു. ഭാവിയിൽ ഇതിന്റെ സാധ്യതകൾ വളരെ വലുതാണ്’ – ഡോ.
കിഷോർ ടി.എ. പറഞ്ഞു. മെറിൽ മിസ്സോ റോബോട്ട് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
അതിവേഗത്തിലുള്ള നെറ്റ്വർക്ക് കണക്ഷനിലൂടെ ഗുജറാത്തിലെ കൺസോളിൽ നിന്നും നൽകിയ നിർദ്ദേശങ്ങൾ തത്സമയം കൊച്ചിയിലെ റോബോട്ടിക് കൈകളിലേക്ക് പകരുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആഴ്ചകൾ നീണ്ട
സാങ്കേതിക പരിശോധനകളും സിമുലേഷനുകളും നടത്തിയിരുന്നു. ശസ്ത്രക്രിയ വേളയിൽ രോഗിയുടെ സുരക്ഷ ഉറപ്പാക്കാൻ കൊച്ചിയിൽ പ്രത്യേകം പരിശീലനം ലഭിച്ച റോബോട്ടിക് സർജിക്കൽ ആൻഡ് അനസ്തേഷ്യ ടീം സജ്ജമായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുകയും മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

