സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ജൂലൈ 10-ന് ജില്ലാ കളക്ടർ ഡി.
ആർ മേഘശ്രീ അവധി നൽകി ഉത്തരവിട്ടത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ ശക്തമായ മഴ തുടരുമെന്ന് വിലയിരുത്തുന്ന സാഹചര്യത്തിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
മഴ കനത്തതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം സംഭവിച്ചു. നൂറിലധികം വർഷം പഴക്കമുള്ള സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീഴുകയായിരുന്നു.
സംഭവസമയം പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. ഈ സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. നിലവിൽ വടം കെട്ടി ടവർ പൂർണ്ണമായും പൊളിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

