വയനാട് തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, പാലക്കാട്ടെ വ്യവസായനഗരം പദ്ധതിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി 13-ാം തീയതി അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പാലക്കാട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങളുടെ സുരക്ഷാ അവലോകനം നടത്തും. ഉദ്യോഗസ്ഥരുമായും സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം നേരിട്ട് ചർച്ചകൾ നടത്തും.
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി 1316.13 കോടി രൂപയുടെ കരാറാണ് ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ് കോൺ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കഞ്ചിക്കോട്, കണ്ണമ്പ്ര മേഖലകളിൽ റോഡ് നിർമ്മാണത്തിനായുള്ള മണ്ണ് മാറ്റൽ ഉൾപ്പെടെയുള്ള പ്രാഥമിക ജോലികളാണ് നിലവിൽ നടക്കുന്നത്.
വയനാടിന് സമാനമായ ഭൂപ്രകൃതിയല്ല പാലക്കാട് മേഖലയുടേതെങ്കിലും, എല്ലാവിധ സുരക്ഷാ-നിയമപരമായ മുൻകരുതലുകളും പാലിച്ച് മാത്രമേ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാവൂ എന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഐഐടി പാലക്കാട്, എൻഐടി തിരുച്ചിറപ്പള്ളി എന്നിവയുടെ സാങ്കേതിക മേൽനോട്ടത്തിലും നിർദേശങ്ങൾക്കുമാണ് നിർമ്മാണം നടക്കുന്നത്.
എന്നാൽ, നിർമ്മാണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പാറ പൊട്ടിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ജില്ലാ ഭരണകൂടവും കമ്പനിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ തുരങ്കപ്പാത നിർമ്മാണത്തിന് കമ്പനിക്ക് ലഭിച്ച ഇളവുകൾക്ക് സമാനമായ സമീപനം ഇവിടെയും വേണമെന്ന ആവശ്യം കമ്പനി ഉന്നയിച്ചിരുന്നെങ്കിലും, ജില്ലാ ഭരണകൂടം ഇതിനോട് വിയോജിക്കുകയായിരുന്നു.
കേരള സർക്കാരിന്റെ കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (എൻഐസിഡിഐടി)യും ചേർന്നുള്ള സംയുക്ത സംരംഭമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് പാലക്കാട് സ്മാർട് സിറ്റിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

