ആഗോളതലത്തിൽ ഉപയോക്താക്കൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ഗൂഗിൾ എർത്ത് പ്രോ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്റെ സേവനം നിർത്തലാക്കാനൊരുങ്ങി സാങ്കേതിക ഭീമനായ ഗൂഗിൾ. ഡെസ്ക്ടോപ്പ് പതിപ്പിന്റെ ഡൗൺലോഡ് ലിങ്ക് ഭാവിയിൽ ലഭ്യമാകില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
ജൂൺ 25, 2027 വരെ മാത്രമേ ഈ ആപ്ലിക്കേഷൻ ഡെസ്ക്ടോപ്പിനായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. നിശ്ചിത തീയതിക്ക് ശേഷം ഡൗൺലോഡ് ലിങ്കുകൾ പൂർണ്ണമായും പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
എന്നിരുന്നാലും, നിലവിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് തുടർന്നും സേവനം ലഭ്യമാകുമെന്നതാണ് ആശ്വാസകരമായ കാര്യം. ഡെസ്ക്ടോപ്പ് ആപ്പിന് പകരമായി വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമിലേക്കോ ആൻഡ്രോയിഡ് ആപ്പിലേക്കോ മാറാൻ ഗൂഗിൾ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്.
ഉയർന്ന റെസല്യൂഷനിലുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ, 3D ടെറൈൻ മാപ്പിംഗ്, ചരിത്രപരമായ ദൃശ്യങ്ങൾ, അളവുകൾ രേഖപ്പെടുത്താനുള്ള സൗകര്യം, ജിഐഎസ് ഇന്റഗ്രേഷൻ എന്നിവയാണ് ഗൂഗിൾ എർത്ത് പ്രോ നൽകുന്ന പ്രധാന സേവനങ്ങൾ. പ്രൊഫഷണലുകൾക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ സംവിധാനം സാധാരണക്കാർക്ക് ഭൂപ്രകൃതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് നൽകുന്നത്.
നിലവിൽ ഗൂഗിൾ എർത്തിന്റെ വെബ് പതിപ്പ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ, കൂടുതൽ വിപുലമായ സേവനങ്ങൾക്കായി സബ്സ്ക്രിപ്ഷൻ പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.
പ്രൊഫഷണൽ പ്ലാനിന് പ്രതിമാസം $75 ഉം, പ്രൊഫഷണൽ അഡ്വാൻസ്ഡ് പ്ലാനിന് $150 ഉം ആണ് നിരക്ക് ഈടാക്കുന്നത്. സാങ്കേതിക വിദ്യയിൽ താൽപ്പര്യമുള്ളവർക്കായി വെബ് പതിപ്പിൽ ലഭ്യമായ ഫ്ലൈറ്റ് സിമുലേറ്റർ പോലുള്ള സംവിധാനങ്ങളും തുടർന്നും ഉപയോഗിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

