കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് പ്രതിസന്ധിയുണ്ടെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളാണെന്ന് ആവർത്തിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ മാധ്യമങ്ങളിൽ പറയുന്ന തരത്തിലുള്ള വലിയ പ്രതിസന്ധി സർക്കാർ ആശുപത്രികളിൽ ഇല്ലെന്നും ചില പ്രത്യേക മരുന്നുകളുടെ ലഭ്യതക്കുറവ് മാത്രമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം ചില കമ്പനികൾ വിപണിയിൽ നിന്ന് പിന്മാറിയതാണ് ചെറിയ തോതിലുള്ള മരുന്ന് കുറവിന് കാരണമെന്ന് മന്ത്രി വിശദീകരിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുറവുള്ള മരുന്നുകൾ ‘റെഡി പർച്ചേസ്’ ആയി വാങ്ങി വരുന്നുണ്ട്. ഉടൻ തന്നെ അവശ്യ മരുന്നുകളുടെ സ്റ്റോക്ക് ആശുപത്രികളിൽ എത്തും.
നിലവാരം പുലർത്താത്ത കമ്പനികളെ സർക്കാർ കർശനമായി ഒഴിവാക്കിയിട്ടുണ്ടെന്നും ഭരണരംഗത്ത് പോരായ്മകൾ ഉണ്ടാകാമെങ്കിലും, ബോധപൂർവ്വം സർക്കാർ ആശുപത്രികളെ കരിവാരിതേക്കാൻ വിദേശ കമ്പനികൾ നടത്തുന്ന കുതന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം വ്യാജ വാർത്തകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കെണിയിൽ സർക്കാർ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ആരോഗ്യ മേഖലയോട് ഏറ്റുമുട്ടാൻ സർക്കാരിന് താൽപ്പര്യമില്ലെന്നും എന്നാൽ വിദേശ കമ്പനികളുടെ ആധിപത്യമുള്ള ചില സ്വകാര്യ ആശുപത്രികളിൽ മുറി വാടകയിലോ മരുന്ന് വിലയിലോ യാതൊരു നിയന്ത്രണവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അമിതമായ വില ഈടാക്കുന്നതുമൂലം പല ഇൻഷുറൻസ് കമ്പനികളും അത്തരം സ്വകാര്യ ആശുപത്രികളെ തങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യമുണ്ട്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ കാര്യത്തിൽ സർക്കാരിന് ഇത്തരം സാഹചര്യങ്ങളിൽ ഇടപെടേണ്ടി വന്നിട്ടുണ്ട്. ചില കമ്പനികൾക്ക് കേരളത്തിൽ മാത്രം ഇത്രയധികം താൽപ്പര്യം ഉണ്ടാകുന്നതിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ട്.
ആരോഗ്യമേഖലയെ പൂർണ്ണമായും ബിസിനസ്സ് കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച ബില്ലുകൾ കൊണ്ടുവരുമ്പോൾ എല്ലാ വിഭാഗക്കാരുമായി ചർച്ച നടത്തുമെന്നും മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

