ഹൂത്തി വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ഔദ്യോഗിക സൈനിക നീക്കം പ്രഖ്യാപിച്ച് യെമൻ ഭരണകൂടം. യെമൻ പ്രസിഡണ്ട് റഷാദ് അൽ അലീമിയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ടെലിവിഷൻ പ്രസംഗത്തിലൂടെ ഈ നിർണായക തീരുമാനം പുറത്തുവിട്ടത്.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾ സുരക്ഷിതമായ അകലം പാലിക്കണമെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ പിന്തുണയോടെയാകും വരും ദിവസങ്ങളിൽ സൈനിക നടപടികൾ മുന്നോട്ട് കൊണ്ടുപോകുക.
ബാബ് അൽ മന്ദബ് കടലിടുക്കും മോക്ക തുറമുഖ നഗരവും ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ ഹൂത്തികൾ അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യെമനിൽ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്.
സൗദി അറേബ്യയിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികളുടെ ഭാഗത്തുനിന്നും ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്. സമാധാന ചർച്ചകൾക്കും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമായി സർക്കാരിന്റെ ഭാഗത്തുനിന്നും പരമാവധി സമയവും അവസരങ്ങളും നൽകിയിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട
സാഹചര്യത്തിലാണ് സൈനിക മാർഗ്ഗത്തിലേക്ക് തിരിയേണ്ടി വന്നതെന്നും റഷാദ് അൽ അലീമി വ്യക്തമാക്കി. അതേസമയം, സൈനിക മുന്നേറ്റത്തോടൊപ്പം മോചിപ്പിക്കുന്ന നഗരങ്ങളിലെ ജീവനക്കാരുടെ കുടിശ്ശിക ശമ്പളം വിതരണം ചെയ്യാനും, തകർന്ന റോഡുകൾ, വൈദ്യുതി, കുടിവെള്ള വിതരണം എന്നിവ പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര പദ്ധതികൾ തയ്യാറാക്കാൻ ബന്ധപ്പെട്ട
വകുപ്പുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

