ഇടുക്കി ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രിയാത്രാ നിരോധനം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം വ്യക്തമാക്കി. ടൂറിസം മേഖലയിലെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലെയും പ്രവർത്തനം പൂർണമായും തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ആരോപിച്ചു.
മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് നിരോധനം ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ കച്ചവടക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ടൂറിസം മേഖലയെ തകർക്കാൻ ലക്ഷ്യമിടുന്ന ചില ഏജൻസികളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഇത്തരമൊരു തീരുമാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഉത്തരവ് കാരണം മാസങ്ങൾക്ക് മുൻപ് മുറികൾ ബുക്ക് ചെയ്ത വിനോദസഞ്ചാരികൾ യാത്ര റദ്ദാക്കുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്.
രോഗ ചികിത്സയ്ക്കായി അയൽ ജില്ലകളിൽ പോയി മടങ്ങുന്നവർക്ക് പോലും രാത്രി ഏഴ് മണിക്ക് ശേഷം ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്തത് വലിയ മനുഷ്യാവകാശ ലംഘനമാണ്. കൂടാതെ, രാത്രി ഏഴിന് ശേഷം യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്.
ജനപ്രതിനിധികളുമായി യാതൊരുവിധ ചർച്ചയും നടത്താതെയാണ് ജില്ലാ ഭരണകൂടം ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുംപറമ്പിൽ, സിബി കൊച്ചുവള്ളാട്ട്, സി.കെ.ബാബുലാൽ, സാജു വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

