ക്യൂബ തീരത്തിന് സമീപം റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭൂപ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രകമ്പനം അനുഭവപ്പെട്ടത്.
ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് പ്രകമ്പനം ഉണ്ടായതെന്ന് ഭൗമശാസ്ത്ര വിദഗ്ധർ വിലയിരുത്തുന്നു.
ഈ പ്രകൃതിക്ഷോഭത്തിൽ ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഓടിയിറങ്ങി.
ഭൂചലനത്തിന്റെ പ്രകമ്പനം അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്.
ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. ചില ഉയരമുള്ള കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ മുൻകരുതൽ നടപടിയായി ഓഫീസുകളിൽ നിന്നും പുറത്തേക്ക് മാറി നിന്നു.
കൂടാതെ, മെക്സിക്കോയുടെ ചില തീരദേശ മേഖലകളിലും ഭൂചലനത്തിന്റെ അനുരണനങ്ങൾ പ്രകടമായി. തുടക്കത്തിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഗൾഫ് മേഖലയിൽ ചെറിയ തരംഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിലവിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും സുനാമി ഭീഷണിയില്ലെന്നും യുഎസ് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

