ഈ വർഷത്തെ നൊബേൽ സമാധാന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ, തനിക്ക് പുരസ്കാരം ലഭിക്കേണ്ടതാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും മറ്റൊരു സുപ്രധാന നേട്ടം കൂടി വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വാഷിങ്ടൺ ഡിസിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ട്രംപ് തന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞത്.
”മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഞാൻ വീമ്പു പറയുകയല്ല.
വസ്തുതകൾ മാത്രമാണ് പറയുന്നത്. എട്ട് യുദ്ധങ്ങളാണ് ഞാൻ അവസാനിപ്പിച്ചത്.
ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല”– ബുധനാഴ്ച വാഷിങ്ടണിൽ തിരിച്ചെത്തിയ വേളയിൽ അദ്ദേഹം പറഞ്ഞു. തനിക്ക് സമാധാന നൊബേലിന് അർഹതയുണ്ടെന്ന് മുൻപും പല അവസരങ്ങളിലും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ, ഇസ്രയേൽ-ഇറാൻ, കംബോഡിയ-തായ്ലാൻഡ്, സെർബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ താൻ ഇടപെട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ പാകിസ്ഥാനുമായുള്ള വിഷയത്തിൽ യുഎസ് അവകാശവാദങ്ങൾ ഇന്ത്യ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരുന്നു.
വിഷയത്തിൽ യാതൊരുവിധ മൂന്നാംകക്ഷി ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ആദ്യമായി യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ കാലം മുതൽ തന്നെ നൊബേൽ സമ്മാനത്തോടുള്ള താൽപര്യം ട്രംപ് പ്രകടിപ്പിച്ചിരുന്നു.
2018-ൽ ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ആദ്യം രംഗത്തെത്തിയത്. ജപ്പാൻ പ്രധാനമന്ത്രി തന്നെ നൊബേൽ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിട്ടുണ്ടെന്നും ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

