പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന ഫ്രൂട്ട്സ്റ്റാളിൽ കവർച്ച നടത്തിയ പ്രതിയെ പെരുനാട് പൊലീസ് പിടികൂടി.
കോട്ടയം എരുമേലി എരുതുവാപുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.
വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപമുള്ള ഫ്രൂട്ട്സ്റ്റാളിൽ അതിക്രമിച്ചുകടന്ന പ്രതി, സ്ഥാപനത്തിലുണ്ടായിരുന്ന 22,500 രൂപയും സിസിടിവിയുടെ വൈഫൈ മോഡം, വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, കത്തി എന്നിവയുമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. മോഷണം നടന്ന സ്ഥലത്തുനിന്നും പ്രതിയുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള ചില നിർണായക സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.
ഈ ശാസ്ത്രീയ തെളിവുകളാണ് അന്വേഷണം വേഗത്തിലാക്കാനും പ്രതിയെ ഉടൻ പിടികൂടാനും സഹായകമായത്. പെരുനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ അശോക്, ഉദ്യോഗസ്ഥരായ വിജേഷ്, അക്ഷയ് വേണു, അരുൺ എ എസ് എന്നിവര അടങ്ങിയ അന്വേഷണ സംഘമാണ് എരുമേലിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
പ്രതിയായ സുമേഷ് മോഹനൻ കോട്ടയം ജില്ലയിലെ എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം വെസ്റ്റ് തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ മോഷണക്കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

