വീട്ടുകാരുടെ ജീവൻ രക്ഷിക്കാനായി മൂർഖൻ പാമ്പിനോട് പൊരുതി വളർത്തുനായ. ചങ്ങനാശേരി കാക്കാംതോട് കൊല്ലശേരിൽ കെ.എം.ടോണിയുടെ അടുക്കളമുറ്റത്താണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
നാല് വയസ്സുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട റോസി എന്ന നായയുടെ നിർത്താതെയുള്ള കുര കേട്ടാണ് ടോണിയും ഭാര്യ റെജിമോളും നോക്കുന്നത്.
ഈ സമയം ഒരു വയസ്സുള്ള കൊച്ചുമകൾ എലീഷ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. പത്തി വിടർത്തി നിന്ന പാമ്പിനെ കണ്ടയുടൻ വിവരമറിയിച്ചതിനെ തുടർന്ന് വാഴപ്പള്ളി സ്വദേശിയായ പാമ്പുപിടിത്തക്കാരൻ ഷിനോ കുറ്റിശേരി സ്ഥലത്തെത്തി.
എന്നാൽ ഷിനോയ്ക്ക് വിട്ടുകൊടുക്കാതെ മൂർഖനു മുൻപിൽ റോസി പ്രതിരോധം തീർത്തു. പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും നായ പിന്മാറിയില്ല.
ഇടയ്ക്ക് പാമ്പ് കൊത്താനായി ആഞ്ഞപ്പോൾ റോസി മൂർഖനെ കടിച്ചുകുടഞ്ഞു. ഇതിനിടയിലാണ് നായയ്ക്ക് മുഖത്ത് കടിയേറ്റത്.
പാമ്പ് ചത്തെന്ന് ഉറപ്പാക്കിയ ശേഷമാണ് റോസി പിന്മാറിയത്. ഉടൻതന്നെ മൂലവട്ടം മുപ്പായിക്കാടുള്ള സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച നായയ്ക്ക് ആന്റിവെനം നൽകി.
ഗുരുതരാവസ്ഥയിലായിരുന്ന റോസി രാത്രിയോടെ അപകടനില തരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

