വേഗത പോരെന്നാരോപിച്ച് കെഎസ്ആർടിസി ബസിന് നേരെ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ലുകൾ തകർക്കുകയും ഡ്രൈവറെ മർദ്ദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുൽപള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ (36) ആണ് പിടിയിലായത്. ആക്രമണത്തിൽ പരുക്കേറ്റ കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ ഡ്രൈവർ വി.എ.ടോയിയെ (45) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കൾ പുലർച്ചെ ഒന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
തൃശൂരിൽ നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട ബസ് താമരശ്ശേരി പുതിയ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതി വാഹനത്തിൽ കയറിയത്.
തുടർന്ന് ചുരം രണ്ടാം വളവിൽ വെച്ച് പ്രകോപിതനായ യുവാവ് മുൻ സീറ്റിലിരുന്ന കണ്ടക്ടറെ മറികടന്ന് ഡ്രൈവിങ് കാബിനിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ തലയ്ക്ക് പിന്നിൽ അടിക്കുകയും കഴുത്തിന് ഞെരിക്കുകയും ചെയ്തു.
പെട്ടെന്നുണ്ടായ സംഭവത്തിൽ പകച്ചുപോയ ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി. ഇതിനുപിന്നാലെ പുറത്തിറങ്ങിയ യുവാവ് ബസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.
ബസിന്റെ മുൻവശത്തെ ഗ്ലാസ്, ഹെഡ്ലൈറ്റ്, ഫോഗ് ലാംപ് എന്നിവയെല്ലാം പ്രതി അടിച്ചു തകർത്തു. യാത്രക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അക്രമത്തിനിടയിൽ പരുക്കേറ്റ ഷൈജലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

