ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ഈട് നിൽക്കുന്ന സ്വഭാവം എപ്പോഴും ഉപയോക്താക്കൾക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമാണ്. ഇത്തവണയും അതിന് വ്യത്യാസമില്ല.
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് പുറത്തിറക്കിയ പുതിയ ഗാലക്സി ഇസഡ് ഫോൾഡ് 8 (Galaxy Z Fold 8) സ്മാർട്ട്ഫോണിന്റെ ഇന്നർ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ചില ഉപയോക്താക്കൾ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഫോണിന്റെ മടക്കാവുന്ന സ്ക്രീനിന്റെ കോണുകൾ ചെറുതായി താഴേക്ക് അമർത്താൻ സാധിക്കുന്നുവെന്നും, ഇത് ഫ്രെയിമിന്റെ ലെവലിന് താഴേക്ക് പോകുന്നതായും സമൂഹ മാധ്യമങ്ങളിലെ വിവിധ പോസ്റ്റുകളിൽ ചൂണ്ടിക്കാണിക്കുന്നു.
റെഡ്ഡിറ്റ് (Reddit), സാംസങ് കമ്മ്യൂണിറ്റി ഫോറങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലാണ് ഈ പരാതികൾ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സ്ക്രീൻ വൃത്തിയാക്കുന്നതിനിടയിലാണ് ചില ഉപയോക്താക്കൾ ഈ പ്രത്യേകത യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ടത്.
എങ്കിലും, ഭൂരിഭാഗം ഉപയോക്താക്കളുടെയും ഫോണുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. മടക്കാവുന്ന ഫോണുകളുടെ സ്ക്രീൻ നിർമ്മാണ ശൈലി പ്രകാരം നിശ്ചിത അളവിലുള്ള ഫ്ലെക്സിബിലിറ്റി അനിവാര്യമാണ്.
ഫോൺ മടക്കുമ്പോൾ കോണുകൾക്ക് ആവശ്യമായ അയവ് ലഭിക്കുന്നതിന് വേണ്ടി നൽകിയിരിക്കുന്ന സുരക്ഷാ പാഡുകൾ കാരണമാകാം ഈ ചെറിയ രീതിയിലുള്ള ഇളക്കം സംഭവിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല.
സാധാരണ ഉപയോഗത്തിൽ ഇത്തരം ഭാഗങ്ങളിൽ അനാവശ്യമായി ബലം പ്രയോഗിക്കാതിരുന്നാൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

