സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ ഹസ്സയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ പരേതരായ സക്കറിയയുടെയും ത്രേസ്യാമ്മയുടെയും മകൻ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ – 55) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസിയായ ഇദ്ദേഹം, അൽ ഹസ്സ മുബാറസ് നിസാഇ പോളി ക്ലിനിക്കിൽ ഇൻഷൂറൻസ് വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇതേ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ഭാര്യ പ്രീതി.
നേരത്തെ മറ്റൊരു ക്ലിനിക്കിൽ പതിനാറു വർഷക്കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സക്കറിയ മാർട്ടിൻ, സാന്ദ്ര മറിയ മാർട്ടിൻ, ജോർജ് മാർട്ടിൻ എന്നിവരാണ് ദമ്പതികളുടെ മക്കൾ.
പ്രവാസി സമൂഹത്തിൽ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നവോദയ സാംസ്കാരിക വേദിയുടെ അംഗം കൂടിയായിരുന്നു. ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ഇതിനുള്ള ക്രമീകരണങ്ങൾക്ക് നവോദയ സാംസ്കാരിക വേദിയുടെ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ നേതൃത്വം നൽകിവരുന്നു.

