ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ ശനിയാഴ്ച ഹോർമുസിൽ മൂന്ന് ഇറാൻ എണ്ണക്കപ്പലുകളെ യുഎസ് സൈന്യം ആക്രമിച്ചതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായത്.
എന്നാൽ, യുഎസിന് നേർക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണ് ഈ സംഘർഷത്തിലേക്ക് നയിച്ചത്. 1200 കിലോമീറ്റർ റേഞ്ചുള്ള ‘ഖാസിം ബാസിർ’ എന്ന മീഡിയം-റേഞ്ച് ആന്റി ഷിപ് ബാലിസ്റ്റിക് മിസൈൽ യുഎസ് പടക്കപ്പലായ യുഎസ്എസ് ജോർജ് വാഷിങ്ടണിനു നേരെയാണ് തൊടുത്തത്.
മിസൈലുകളെ വിജയകരമായി ചെറുത്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാനം ആരംഭിച്ച ഈ സംഘർഷത്തിൽ ആദ്യമായാണ് ഇറാൻ ഈ ആയുധം പ്രയോഗിക്കുന്നത്.
ഇറാന്റെ നീക്കം ലക്ഷ്യം കണ്ടില്ലെങ്കിലും യുഎസ് സൈന്യം അതീവ ജാഗ്രതയിലാണ്. ഇറാന്റെ മിസൈൽ ശേഖരങ്ങൾക്ക് കോട്ടംതട്ടിയിട്ടില്ലെന്ന യാഥാർത്ഥ്യം യുഎസിനെ അമ്പരപ്പിച്ചിട്ടുണ്ട്.
ഈ പ്രകോപനത്തിന് മറുപടിയായാണ് ഖാർഗ് ദ്വീപിന് സമീപം മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം അഴിച്ചുവിട്ടത്. തുടർന്ന് ക്രൂഡോയിൽ വിലയും കുതിച്ചുയർന്നു.
യുഎസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ ആക്ടിങ് പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ മാജിദ് ഐബിൻ റീസ മുന്നറിയിപ്പ് നൽകി. ഇറാന്റെ താൽപ്പര്യങ്ങളെ ഹനിക്കുന്ന നീക്കങ്ങൾ ഉണ്ടായാൽ വേദനിപ്പിക്കുന്ന തിരിച്ചടി നൽകുമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വ്യക്തമാക്കി.
കടലിടുക്കിൽ ഇറാന്റെ കപ്പലുകളെ തടയുക മാത്രമല്ല, അതേനാണയത്തിൽ ഇറാനിലേക്ക് കടന്നുചെന്ന് തിരിച്ചടി നൽകുന്ന യുഎസിന്റെ നയമാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനിടെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും വരുമാനം പങ്കുവയ്ക്കലും സംബന്ധിച്ച് ഒമാനുമായുള്ള കരാർ ഏതാനും ദിവസത്തിനകം യാഥാർത്ഥ്യമാകുമെന്ന് ഇറാൻ അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കും ഈ ഇടപാടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ഖാഗേയ് വ്യക്തമാക്കി. ആക്രമണങ്ങളും പോർവിളികളും ശക്തമായതോടെ ക്രൂഡോയിൽ വില കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി.
ഹോർമുസിന് പുറമേ ചെങ്കടലിൽ സൗദി അറംകോയുടെ ജസാൻ എണ്ണ റിഫൈനറിക്ക് നേരെയും ആക്രമണമുണ്ടായത് വിലവർധനയ്ക്ക് ആക്കംകൂട്ടി. ബ്രെന്റ് ക്രൂഡ് വില 97 ഡോളറിന് മുകളിലെത്തിയപ്പോൾ ഡബ്ല്യുടിഐ ക്രൂഡ് വില 92 ഡോളറും കടന്നു.
ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. യുഎസിൽ പെട്രോൾ വില ഗാലന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 4.15 ഡോളറിലെത്തി.
എന്നാൽ, യുദ്ധം അവസാനിക്കുന്നതോടെ വില രണ്ട് ഡോളറായി കുറയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഹോർമുസ് കടലിടുക്ക് ഏറക്കുറെ അടഞ്ഞ നിലയിലാണ്.
എണ്ണവില വർധനവ് യുഎസ് ഓഹരി വിപണിയെയും ബാധിച്ചു. ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 308 പോയിന്റ് ഇടിഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയും നിരാശയിലാണ്. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ് വ്യാപാരം സൂചിപ്പിക്കുന്നത്.
അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഉണർവ് പ്രകടമായിട്ടുണ്ട്. ഔൺസിന് 4424 ഡോളറിലാണ് സ്വർണം ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

