പഞ്ചാബിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) അമൃത്സറിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്ത് റോഡിൽ വീണുകിടക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഈ ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സിരിവെന്നെല ഔദ്യോഗികമായി അറിയിച്ചു.
പഞ്ചാബി, മുംബൈ സിനിമാ മേഖലകളിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച സന്ധു, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് ജനപ്രീതി നേടിയത്. ഫാഷൻ, ലിംഗസമത്വം, എൽജിബിടിക്യു പ്ലസ് അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
താനൊരു സ്വവർഗാനുരാഗി ആണെന്ന കാര്യം തുറന്നുപറഞ്ഞിരുന്ന സന്ധുവിനു നേരെ മുൻകാലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ഹോമോഫോബിക് അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്.

