തമിഴ്നാടിന്റെ ശക്തമായ വിയോജിപ്പുകൾ നിലനിൽക്കെ, നിർദിഷ്ട മേകേദാട്ടു അണക്കെട്ട് പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ട്.
ഇതിന്റെ ഭാഗമായി പുതുക്കിയ വിശദമായ പദ്ധതിരേഖ (ഡിപിആർ) കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചു. എന്നാൽ നിർമാണച്ചെലവിലുണ്ടായ വൻ വർധനവ് സർക്കാരിന് കനത്ത പ്രതിസന്ധിയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് കർണാടക സർക്കാർ പുതുക്കിയ ഡിപിആർ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചത്. തമിഴ്നാടിന്റെ എതിർപ്പുകൾക്കൊപ്പം തന്നെ സാമ്പത്തിക ബാധ്യതയും സർക്കാരിന് മുന്നിലുണ്ട്.
മുൻപ് 9,000 കോടി രൂപയായി കണക്കാക്കിയിരുന്ന പദ്ധതിയുടെ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 16,745 കോടി രൂപയായാണ് വർധിച്ചിരിക്കുന്നത്. അതായത് ഏകദേശം 86 ശതമാനത്തിന്റെ വർധനവാണ് ചെലവിലുണ്ടായിരിക്കുന്നത്.
നിലവിലെ സാമ്പത്തിക ചുറ്റുപാടിൽ ഈ ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്തുക ജലവിഭവ വകുപ്പിന് അസാധ്യമാണ്. ഈ പശ്ചാത്തലത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം തേടാൻ കർണാടക തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി സംസ്ഥാന ജലവിഭവ മന്ത്രി ദില്ലിയിലെത്തി കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീലിനെ നേരിൽ കണ്ടു ചർച്ച നടത്തി. പുതുക്കിയ പദ്ധതി പ്രകാരം മേകേദാട്ടുവിൽ ഏകദേശം 67.16 ടിഎംസി വെള്ളമാണ് സംഭരിക്കാൻ ലക്ഷ്യമിടുന്നത്.
ഇതിൽ 4.67 ടിഎംസി ജലം ബെംഗളൂരു നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കും. കൂടാതെ 400 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
തമിഴ്നാടുമായി നിയമപരവും രാഷ്ട്രീയവുമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കി, അനുരഞ്ജനത്തിലൂടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് കർണാടകത്തിന്റെ നയം. മേകേദാട്ടു പദ്ധതി തമിഴ്നാടിനും ഗുണകരമാകും എന്ന വാദവും, വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവർത്തിച്ചു വ്യക്തമാക്കുന്നത് ഈ നയത്തിന്റെ ഭാഗമായാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

