സാധാരണക്കാരായ പല നിക്ഷേപകർക്കും 60 വയസ്സാവുമ്പോഴേക്കും 2 കോടി രൂപ എന്ന ലക്ഷ്യം വലിയൊരു സ്വപ്നമായി തോന്നാം. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി (SIP) വഴി നിക്ഷേപം നടത്തുന്നവർക്ക് ഇത് അസാധ്യമായ ഒന്നല്ല.
അച്ചടക്കത്തോടെയുള്ള ദീർഘകാല നിക്ഷേപം ഒരാളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. പ്രായവും നിക്ഷേപവും തമ്മിലുള്ള ബന്ധം
റിട്ടയർമെന്റ് പ്ലാനിംഗിന്റെ ഭാഗമായി 2 കോടി രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ഒരു 25 വയസ്സുകാരൻ പ്രതിമാസം 4,021 രൂപ വീതം മുടങ്ങാതെ 35 വർഷം നിക്ഷേപിച്ചാൽ ലക്ഷ്യത്തിലെത്താം.
അതേസമയം, 30 വയസ്സുള്ളവർക്ക് 7,067 രൂപയും 35 വയസ്സുള്ളവർക്ക് 12,574 രൂപയും ആവശ്യമായി വരും. എന്നാൽ, 45 വയസ്സിൽ നിക്ഷേപം ആരംഭിക്കുന്ന ഒരാൾക്ക് അതേ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് പ്രതിമാസം 43,587 രൂപ എന്ന വലിയ തുക മാറ്റിവയ്ക്കേണ്ടി വരുന്നു.
നിക്ഷേപം തുടങ്ങാൻ വൈകുംതോറും പ്രതിമാസ ബാധ്യത വർധിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിക്ഷേപകർ ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ
∙ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ പരിഭ്രാന്തരാകാതെ നിക്ഷേപം തുടരുക. വിപണിയിലെ ഇത്തരം ഏറ്റക്കുറച്ചിലുകൾ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപത്തിന്റെ നേട്ടം വർധിപ്പിക്കാൻ സഹായിക്കും.
∙ ലക്ഷ്യത്തിലെത്തും വരെ അച്ചടക്കത്തോടെ നിക്ഷേപം തുടരാൻ ശ്രദ്ധിക്കണം.
∙ വരുമാനത്തിൽ നിന്ന് അത്യാവശ്യ ചെലവുകൾ കഴിഞ്ഞ് മിച്ചം വരുന്ന തുക മാത്രമായിരിക്കണം നിക്ഷേപത്തിനായി നീക്കിവയ്ക്കേണ്ടത്.
∙ നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷിക്ക് അനുസൃതമായ സ്കീമുകൾ വേണം തിരഞ്ഞെടുക്കാൻ.
പ്രായം കുറഞ്ഞവർക്ക് റിസ്ക് കൂടിയ സ്കീമുകളും, മധ്യവയസ്സിലേക്ക് എത്തുന്നവർക്ക് താരതമ്യേന റിസ്ക് കുറഞ്ഞ സ്കീമുകളും തിരഞ്ഞെടുക്കാവുന്നതാണ്.
∙ ഇക്വിറ്റി നിക്ഷേപങ്ങളിലെ മൂലധനനേട്ട നികുതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
നേട്ടങ്ങൾ എങ്ങനെ?
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ്, ഫ്ലെക്സി ക്യാപ് വിഭാഗങ്ങളിൽ മികച്ച ശരാശരി റിട്ടേൺ ലഭിച്ചിട്ടുണ്ട്. വിപണിയിലെ സമീപകാല പ്രവണതകൾ കൂടി പരിഗണിച്ച് മിതമായ 11 ശതമാനം ശരാശരി റിട്ടേൺ കണക്കാക്കിയാൽ പോലും 60 വയസ്സിൽ 2 കോടി രൂപ എന്ന ലക്ഷ്യം സുരക്ഷിതമായി കൈവരിക്കാൻ സാധിക്കും.
വിപണിയിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതും വിശ്വാസ്യതയുള്ളതുമായ നിരവധി ഫണ്ട് ഹൗസുകൾ ലഭ്യമാണ്. കൃത്യമായ പഠനത്തിന് ശേഷം നിക്ഷേപകർക്ക് തങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കാവുന്നതാണ്.
(ലേഖകൻ: ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്) ഇമെയിൽ: [email protected]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

