ഇടുക്കി ചിന്നക്കനാലിലുണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ഈ കുട്ടിയുടെ ചികിത്സയും തുടർനടപടികളും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി ഇതിനെ നടപ്പിലാക്കുമെന്നും, വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിലവിൽ ഫണ്ടിന്റെ അപര്യാപ്തത നേരിടുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു.
സംയോജിത പ്രതിരോധ സംവിധാനങ്ങൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കും. അപകട
ഇൻഷുറൻസ് ട്രിബ്യുണലിന്റെ മാതൃകയിൽ നഷ്ടപരിഹാര പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ വനം വകുപ്പിന് അർഹമായ തുക ലഭിച്ചിട്ടില്ലെന്നും, വകയിരുത്തിയ തുകയുടെ പകുതി പോലും ലഭ്യമായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും ഷിബു ബേബി ജോൺ അറിയിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ചിന്നക്കനാലിന് സമീപമാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
സൂര്യനെല്ലി സ്വദേശി മാരിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകനെ സ്കൂളിലേക്ക് അയക്കാനായി തിരുവള്ളൂർ ഉന്നതിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയതായിരുന്നു യുവതി.
കനത്ത മൂടൽമഞ്ഞ് കാരണം റോഡരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ ഇവർക്ക് കാണാൻ സാധിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ ആക്രമണത്തിൽ മാരി മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ കൈയ്ക്കും കാലിനും പരിക്കേറ്റ മകനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

