കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ കാറിന്റെ അടിഭാഗത്ത് കാന്തം ഉപയോഗിച്ച് പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 96 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലെ അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു – കൊച്ചി കേന്ദ്രീകരിച്ചുള്ള അന്തർസംസ്ഥാന ലഹരിവേട്ട
ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ് കണ്ടെത്തിയ കാക്കനാട് പയ്യപ്പള്ളി ഹൗസിൽ അതുൽ ഡൊമിനിക് (26) ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇരിട്ടി എസ്എച്ച്ഒ ഇൻസ്പെക്ടർ വി.
സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃക്കാക്കര പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഴിഞ്ഞ 7-ാം തീയതി വൻതോതിൽ മെത്താംഫെറ്റമിൻ പിടികൂടിയത്.
ഈ സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന നിസാർ, ഷമീം (ചാണ്ടി ഷമീം) എന്നിവരെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ വെച്ച് മുഖ്യ പ്രതികളിലൊരാളായ ഹാനി ഹദാഷും പിടിയിലായിരുന്നു.
ഈ കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അതുൽ ഡൊമിനിക്കിലേക്ക് നീളുന്നത്. കാക്കനാട്, തൃക്കാക്കര മേഖലകളിൽ നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
വയനാട് വൈത്തിരി എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത മറ്റൊരു എംഡിഎംഎ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച മൊഴികളുടെയും രാജ്യാന്തര ലഹരി മാഫിയയുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇരിട്ടി പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

